എ.കെ.ജി സെന്ററിനു നേരെയുണ്ടായ ബോംബേറ് നടത്തിയ പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്. എകെജി സെന്ററിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി എഡിജിപി വിജയ് സാഖറെ പറഞ്ഞു. ബോംബാക്രമണം പ്രത്യേക സംഘം അന്വേഷിക്കും. ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോ മേധാവി ജെ.കെ ഡിനിലിനാണ് അന്വേഷണ ചുമതല. അന്വേഷണത്തിൽ വീഴ്ചയില്ലെന്ന് സിറ്റി പോലീസ് കമ്മീഷണർ സ്പർജൻ കുമാറും പ്രതികരിച്ചു. സംഭവത്തിന് ശേഷം പൊലീസിന് ലഭിച്ച ആദ്യ സിസിടിവി ദൃശ്യങ്ങളിൽ പ്രതിയുടെ മുഖമോ ബൈക്കിന്റെ നമ്പറോ വ്യക്തമല്ല. സ്ഫോടനത്തിന് ശേഷം പ്രതിയെന്ന് സംശയിക്കുന്നയാൾ മടങ്ങിയ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. ഇതിലും പ്രതിയെ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് പൊലീസ് അറിയിച്ചു.