എകെജി സെന്റർ ആക്രമണം: മുഖ്യമന്ത്രിയുടെയും കെപിസിസി പ്രസിഡന്റിന്റെയും വീടുകൾക്ക് സുരക്ഷ

തിരുവനന്തപുരം: എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെയും വീടുകള്‍ക്ക് പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു. സംഭവത്തിന് പിന്നാലെ തൃശൂരിലും കോട്ടയത്തും കോൺ​ഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണമുണ്ടായി. എകെജി സെന്‍ററിൽ ബോംബെറിഞ്ഞ സാഹചര്യത്തിൽ തിരുവനന്തപുരം നഗരത്തില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സി.പി.ഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിനും കണ്ണൂര്‍ ഡി.സി.സി ഓഫീസിനും സുരക്ഷകൂട്ടിയിട്ടുണ്ട്.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ​ഗാന്ധി എം.പി കേരളത്തിലെത്തി. ഇതിന്റെ ഭാ​ഗമായി വയനാട് ജില്ലയിലും സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്.

രാഹുൽ ​ഗാന്ധി കേരളം സന്ദർശിക്കുന്ന ദിവസത്തിന്റെ പ്രാധാന്യം കുറയ്ക്കാനായാണ് എകെജി സെന്ററിൽ ബോംബെറിഞ്ഞതെന്നും ഇതിന് പിന്നിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജനാണെന്നും ​കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ആരോപിച്ചിരുന്നു.

എകെജി സെന്റർ ആക്രമണത്തിന് പിന്നിൽ എൽ.ഡി.എഫിനെതിരായ ആസൂത്രിത ​ഗൂഢാലോചനയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആരോപിച്ചു.

 

Top