തിരുവനന്തപുരം: എകെജി സെന്റർ ആക്രമണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കും. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വലായിരിക്കും പ്രത്യേക സംഘം. ബോംബ് എറിഞ്ഞ പ്രതിയെ കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. ഇതിനായി പ്രദേശത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും.
അതിനിടെ കോൺഗ്രസിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസായ ഇന്ദിരാ ഭവന്റെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ആക്രമണമുണ്ടാകുമെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് സുരക്ഷ വർധിപ്പിച്ചത്. കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെ ധർമ്മടത്തെ വീടിന്റെയും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ഇന്ന് കേരളത്തിലെത്തുന്ന രാഹുൽ ഗാന്ധിയുടെ സുരക്ഷയും വർധിപ്പിച്ചു.
ഇന്നലെ രാത്രി 11.30 യോടെയാണ് എകെജി സെൻററിലെ ഹാളിലേക്കുള്ള ഗേറ്റിന് നേരെ ബോംബ് എറിഞ്ഞത്. സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സംഭവ സ്ഥലത്ത് ഫോറൻസിക് പരിശോധന നടത്തി. വിശദമായ അന്വേഷണം ആരംഭിച്ചതായി സിറ്റി പൊലീസ് കമ്മീഷ്ണർ അറിയിച്ചു.