തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണത്തില്‍ രണ്ടുപേരെക്കൂടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. മുഖ്യ സൂത്രധാരനെന്ന് അന്വേഷണ സംഘം കരുതുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് സുഹൈല്‍ ഷാജഹാന്‍, പ്രതിയെ സഹായിച്ച ടി. നവ്യ എന്നിവരെയാണ് പുതുതായി പ്രതിപ്പട്ടികയില്‍ ചേര്‍ത്തത്. ഇരുവരും ഒളിവിലാണെന്നാണ് പൊലീസ് അറിയിക്കുന്നത്.
യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാണ് സുഹൈല്‍ ഷാജഹാന്‍. എ.കെ.ജി സെന്റര്‍ ആക്രമണത്തില്‍ പ്രധാന പ്രതിയും ആസൂത്രകനുമാണ് സുഹൈലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ആക്രമണത്തിന് പദ്ധതി തയാറാക്കുന്നതു മുതല്‍ പടക്കമെറിയാന്‍ ആളെ ഏല്‍പിക്കുന്നതടക്കം ഇയാളാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.
എ.കെ.ജി സെന്ററിലേക്ക് പടക്കമെറിഞ്ഞ ജിതിന്റെ സുഹൃത്താണ് ടി. നവ്യ. ആര്‍.എസ്.പിയുടെ പ്രാദേശിക നേതാവായ ഇവര്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ ആറ്റിപ്ര വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. ആക്രമണത്തിന് ജിതിനെ സഹായിച്ചെന്ന കുറ്റമാണ് നവ്യയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. ആക്രമണത്തിനുമുന്‍പ് ജിതിനു വാഹനമെത്തിച്ചതും സംഭവത്തിനുശേഷം വാഹനം കൊണ്ടുപോയതും നവ്യയാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ആക്രമണം വരെ മൂന്നുപേരും ഫോണില്‍ നിരന്തരം സംസാരിച്ചിരുന്നു. എന്നാല്‍, ഇതിനുശേഷം ഫോണില്‍ ബന്ധമുണ്ടായിട്ടില്ല. പകരം, ഇന്‍സ്റ്റഗ്രാം വഴിയായിരുന്നു ആശയവിനിമയം. തെളിവുകള്‍ ഇല്ലാതാക്കാനാണിതെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്.സുഹൈല്‍ വിദേശത്തേക്ക് കടന്നതായാണ് ക്രൈംബ്രാഞ്ച് സംഘത്തിനു ലഭിക്കുന്ന വിവരം. നിലവില്‍ ഷാര്‍ജയിലാണ് ഇയാളുള്ളതെന്നാണ് സൂചന. നവ്യ തൃശൂരിലും ഒളിവില്‍ കഴിയുകയാണെന്നും അന്വേഷണസംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്.