എകെജി സെന്റർ ആക്രമണം: ‘വിശദമായ പരിശോധന നടത്തുന്നു’ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് വിശദമായ പരിശോധന നടത്തുകയാണെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ. സിസിടിവി ദൃശ്യങ്ങളൊക്കെ നോക്കി, രാത്രി ആയതിനാൽ ഒരുപാട് ദൃശ്യങ്ങളൊന്നും കിട്ടിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“സിസിടിവി ദൃശ്യങ്ങളൊക്കെ നോക്കിയിരുന്നു. രാത്രി ആയതിനാൽ ഒരുപാട് ദൃശ്യങ്ങളൊന്നും കിട്ടിയില്ല. വിശദമായ പരിശോധനകൾ നടത്തുകയാണ്. ഒരാൾ ബൈക്കിൽ വന്ന് സ്ഫോടക വസ്തു എറിഞ്ഞതായാണ് മനസിലാക്കുന്നത്. സ്ഫോടക വസ്തുവിൻ്റെ വിശദാംശങ്ങളെപ്പറ്റി അറിയില്ല. ബാക്കി വിവരങ്ങൾ കൂടി അറിഞ്ഞതിനു ശേഷമേ എന്തെങ്കിലും പറയാനാവൂ.”- സ്പർജൻ കുമാർ പറഞ്ഞു.

അതേസമയം, എകെജി സെന്റർ ആക്രമണത്തിന് പിന്നിൽ എൽ.ഡി.എഫിനെതിരായ ആസൂത്രിത ​ഗൂഢാലോചനയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.

രാത്രി 11.30 ഓടെയാണ് സംഭവമുണ്ടായത്. എകെജി സെന്ററിന് മുന്നിലെ റോഡിലാണ് സ്ഫോടക വസ്തു വീണത്. വലിയ ശബ്ദം കേട്ട പ്രവർത്തകർ പുറത്തേക്ക് ഓടിയെത്തുകയായിരുന്നു. കന്റോൺമെന്റ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Top