തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണ കേസിൽ പ്രതിയുടേയും സൂത്രധാരന്റേയും വിശദാംശങ്ങൾ പൊലീസ് പുറത്തുവിടട്ടെയന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീഷൻ. കുറ്റം ആരുടെയെങ്കിലും തലയിൽ കെട്ടിവയ്ക്കാനാണ് പൊലീസിന്റെ ശ്രമമെന്നും സതീശൻ ആരോപിച്ചു. എന്തായാലും പ്രതിപക്ഷവുമായൊരു ബന്ധവുമുള്ള ആളല്ല. ഇത്രയും ദിവസമായിട്ട് ആളെ കിട്ടാത്തതിനാല്‍ ഇനി ആരുടെയെങ്കിലും തലയില്‍ കെട്ടിവയ്ക്കാൻ ശ്രമിക്കുകയാവും. അവർ വിശദാംശങ്ങള്‍ പറയട്ടെ. എന്നിട്ട് കൂടുതല്‍ പ്രതികരിക്കാമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
എ.കെ.ജി സെന്റർ ആക്രമിച്ച പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന ലഭിച്ചെന്ന വാർത്തയോടു പ്രതികരിക്കുകയായിരുന്നു വി.ഡി സതീശൻ. പ്രതി വിദേശത്തേക്ക് കടന്നതായും വിവരമുണ്ട്. പ്രതിപക്ഷ യുവജന സംഘടനയുടെ നേതാവാണ് സൂത്രധാരനെന്ന് പൊലീസ് പറയുന്നു. ഇയാൾ പൊലീസ് നിരീക്ഷണത്തിലാണ്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടന്ന വിമാനത്തിലും ഇയാൾ ഉണ്ടായിരുന്നെന്ന് അന്വേഷണ സംഘം പറയുന്നു.
ആക്രമണം പദ്ധതിയിട്ടതും അതിന് വാഹനമടക്കം എത്തിച്ചതും ഇയാളാണെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിട്ടുണ്ട്. എ.കെ.ജി സെന്റര്‍ ആക്രമണ കേസ് പ്രതിയെ പിടികൂടാനാവാത്തതില്‍ പൊലീസിനു നേരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. പ്രതിയെ കൃത്യമായി തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ ഇനി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്ന ഘട്ടത്തിലാണ് ക്രൈംബ്രാഞ്ച് സംഘമുള്ളത്.ആക്രമണത്തിനു പിന്നാലെ ആരോപണ- പ്രത്യാരോപണങ്ങളുമായി ഭരണ-പ്രതിപക്ഷ കക്ഷികള്‍ നിയമസഭയിലടക്കം രംഗത്തെത്തിയിരുന്നു. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് വിവരം. ജൂണ്‍ 30നാണ് എ.കെ.ജി സെന്ററിനു നേരെ ആക്രമണം ഉണ്ടായത്.