തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസിലെ പ്രതി പിടിയില്‍. മൺവിള സ്വദേശി ജിതിനെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ജിതിനാണ് സ്ഫോടക വസ്തുവെറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ് പിടിയിലായ ജിതിൻ. സ്കൂട്ടറിലെത്തി സ്ഫോടക വസ്തു എറിഞ്ഞ ജിതിൻ കാറിൽ കയറിയാണ് രക്ഷപ്പെട്ടതെന്ന് ക്രൈബ്രാഞ്ച് സ്ഥിരീകരിച്ചു.
ഈ കേസിൽ നിർണായക തെളിവായത് പ്രതി യൂത്ത് കോൺഗ്രസ് നേതാവ് ജിതിന്റെ കാറും ടീ ഷർട്ടും ഷൂസും. ആക്രമണ ദൃശ്യങ്ങളിലെ കാർ മൺവിള സ്വദേശി ജിതിന്റെതാണെന്ന് സ്ഥിരീകരിച്ചു. കസ്റ്റഡിയിലെടുത്ത ജിതിനെ ജവഹർ നഗറിലുള്ള ക്രൈം ബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യുകയാണ്. ജിതിനാണ് സ്ഫോടക വസ്തുവെറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
കഴിഞ്ഞ ജൂലൈ 30 ന് അർദ്ധരാത്രിയിലാണ് എകെജി സെന്ററിന് നേരെ പടക്കമേറുണ്ടായത്. ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ആസ്ഥാനത്തെ ആക്രമണം വൻ വിവാദമായി കത്തിപ്പടർന്നു. സെന്ററിലുണ്ടായിരുന്ന പി കെ ശ്രീമതിയുടെ വിവരണത്തോടെ സംഭവം കൂടുതൽ ചർച്ചയായി. ആക്രമണം നടന്ന് മിനുട്ടുകൾക്കുള്ളിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പ്രതിയാരെന്ന് സ്വയം വിധിയെഴുതി. സംസ്ഥാനത്ത് ഉടനീളം വൻ പ്രതിഷേധത്തിന് വഴിതെളിച്ച സംഭവത്തിൽ പ്രതിയെ പിടികൂടിയിരിക്കുകയാണ് പോലീസ്.