നിയമന കോഴക്കേസ്; അഖില്‍ സജീവിനെയും ലെനിനെയും പ്രതി ചേര്‍ത്തു, തെളിവുണ്ടെന്ന് പൊലീസ്

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന കോഴക്കേസില്‍ അഖില്‍ സജീവിനെയും ലെനിനെയും പ്രതി ചേര്‍ത്തു. ഇരുവരും പണം വാങ്ങിയതിന് തെളിവുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. വഞ്ചന, ആള്‍മാറാട്ടം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. നാളെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും പൊലീസ് അറിയിച്ചു.

ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അഖില്‍ മാത്യുവിന്റെ പരാതിയിലാണ് നടപടി. ഹരിദാസനില്‍ നിന്ന് ലെനിന്‍ 50000 വും അഖില്‍ സജീവ് 25000 രൂപയും തട്ടിയെടുത്തതായി പൊലീസ് വെളിപ്പെടുത്തി. ബാസിതിനെ പ്രതി ചേര്‍ക്കുന്നതില്‍ തീരുമാനം പിന്നീട് എടുക്കുമെന്നും പൊലീസ് അറിയിച്ചു. ഇരുവരും ഒളിവിലാണ്.

അഖില്‍ സജീവന്‍ തമിഴ്നാട്ടിലേക്ക് കടന്നെന്നാണ് പൊലീസിന് കിട്ടുന്ന വിവരം. മന്ത്രി വീണ ജോര്‍ജ്ജിന്റെ ഓഫീസ് പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊതുഭരണ വകുപ്പ് പൊലീസിന് കൈമാറിയിട്ടുണ്ട്. ആരോപണം ശരിവയ്ക്കുന്ന ദൃശ്യങ്ങളൊന്നും പൊലീസിന് കിട്ടിയിട്ടില്ല. നിയമന കോഴക്കേസില്‍ മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണ് പരാതിക്കാരനായ ഹരിദാസന്‍. അഖില്‍ മാത്യുവിനാണ് താന്‍ പണം കൈമാറിയതെന്ന് കന്റോണ്‍മെന്റ് പൊലീസിനോട് ഹരിദാസന്‍ ആവര്‍ത്തിച്ചു. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ പ്രതികൂലമാണെങ്കിലും മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണ് ഹരിദാസന്‍.

Top