akhilesh back in SP fold, to make poll candidates list with Mulayam

akhilesh

ലക്‌നൗ: പാര്‍ട്ടിയില്‍ നിന്നും പുറത്തായിട്ടും എംഎല്‍എമാരെ കൂട്ടത്താടെ അണിനിരത്തി കരുത്ത് തെളിയിച്ച യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിന് മുന്‍പില്‍ മുലായം സിങ്ങ് യാദവ് മുട്ടുമടക്കി.

229 സമാജ് വാദി പാര്‍ട്ടി എംഎല്‍എമാരില്‍ 194 പേരേയും ഒപ്പം നിര്‍ത്തിയും അണികളില്‍ മഹാഭൂരിപക്ഷം പേരുടേയും പിന്‍തുണ ആര്‍ജ്ജിക്കുകയും ചെയ്ത മകനുമേല്‍ രാഷ്ട്രീയ ചാണക്യനായ പിതാവ് മുട്ടുമടക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ രാജ്യം ദര്‍ശിച്ചത്.

തങ്ങളല്ല പുറത്തായതെന്നും പുറത്താക്കിയവരാണ് പുറത്ത് പോയതെന്നുമുള്ള അഖിലേഷ് യാദവ് പക്ഷത്തിന്റെ നിലപാട് ശരിവയ്ക്കുന്ന പ്രവര്‍ത്തിയാണ് പാര്‍ട്ടി സ്ഥാപക നേതാവ് കൂടിയായ മുലായം സിംങ്ങിന്റെ ഭാഗത്തുനിന്നും ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

അഖിലേഷ് യാദവിനെ മാത്രമല്ല അദ്ദേഹത്തിന്റെ അനുയായി രാംഗോപാല്‍ യാദവിനേയും പാര്‍ട്ടിയില്‍ തിരിച്ചെടുത്തിട്ടുണ്ട്. ഇവരെ തിരിച്ചെടുത്തില്ലായിരുന്നുവെങ്കില്‍ മുലായം സിംങ്ങും യുപി രാഷ്രീയത്തില്‍ അപ്രാസക്തമാവുമായിരുന്നു.

പിതാവായ മുലായം സിങ്ങ് യാദവും മകന്‍ അഖിലേഷ് യാദവും തമ്മിലുള്ള മത്സരമായി വരുന്ന യുപി തിരഞ്ഞെടുപ്പ് മാറാനുള്ള സാഹചര്യമാണ് ഇതോടെ ഒഴിവായത്.

മുലായം സിങ്ങ് യാദവിനെ അദ്ദേഹത്തിന്റെ സഹോദരനും സമാജ് വാദി സംസ്ഥാന അധ്യക്ഷനുമായ ശിവ്പാല്‍ യാദവും അടുത്തയിടെ വീണ്ടും പാര്‍ട്ടിയിലെത്തിയ അമര്‍ സിങ്ങും ചേര്‍ന്ന് വരുതിയിലാക്കിയതുകൊണ്ടാണ് അഖിലേഷ് യാദവിനെ പുറത്താക്കിയതെന്നാണ് ആക്ഷേപം.

വളരെ നാള്‍ മുന്‍പ് തുടങ്ങിയ കുടുംബ പോരാണ് പരസ്പരം പിളര്‍പ്പിന്റെ വക്കിലേക്ക് സമാജ് വാദി പാര്‍ട്ടിയെ തള്ളി വിട്ടിരുന്നത്.

മുലായം സിംങ്ങ് വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ഭൂരിപക്ഷ എംഎല്‍എമാര്‍ വ്യക്തമാക്കിയത് ഔദ്ദ്യോഗിക പക്ഷത്തിന് വന്‍ തിരിച്ചടിയായ പശ്ചാതലത്തിലാണ് നിരുപാധികമായ കീഴടങ്ങല്‍.

ആസന്നമായ യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുമായി സഖ്യം ചേര്‍ന്ന് മത്സരിക്കാനാണ് അഖിലേഷ് യാദവിന്റെ നീക്കം. മുന്‍പ് തന്നെ ഇതേ നിലപാട് അഖിലേഷിന് ഉണ്ടായിരുന്നുവെങ്കിലും മുലായം സിംങ്ങിന്റെ ഉടക്കിനെ തുടര്‍ന്ന് നീക്കം പാളുകയായിരുന്നു. പുതിയ സാഹചര്യത്തില്‍ അഖിലേഷിന്റെ നിലപാടാണ് അംഗീകരിക്കപ്പെടുക.

പൊതു സമൂഹത്തിന്റെ പിന്‍തുണ ലക്ഷ്യമിട്ട് യുപിയില്‍ സൈക്കിള്‍ റാലിക്ക് അഖിലേഷ് യാദവ് ലക്ഷ്യമിടുന്നുണ്ടെന്നാണ് സൂചന.

കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വമാകട്ടെ സ്ഥിതിഗതികള്‍ സൂക്ഷമമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അഖിലേഷ് വിഭാഗവുമായി സഖ്യമുണ്ടാക്കിയാല്‍ വന്‍ നേട്ടം കൊയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്സ് ഹൈക്കമാന്റ്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മാത്രമല്ല ലോക്‌സഭാ തിരഞ്ഞെടുപ്പിലും കേന്ദ്രത്തില്‍ ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന നിര്‍ണ്ണായക സംസ്ഥാനമാണ് യുപി.

ഇവിടെ നിന്ന് മാത്രം എണ്‍പത് എം.പിമാരാണ് ലോക്‌സഭയിലുള്ളത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുപി തൂത്ത് വാരിയതാണ് മോദിക്ക് കേന്ദ്ര മന്ത്രിസഭയുണ്ടാക്കാന്‍ സഹായകരമായത്. വാരണാസിയില്‍ നിന്നും ജനവിധി തേടിയ മോദിയുടെ നടപടിയാണ് ഇതിന് വഴിയൊരുക്കിയത്.

Top