പോക്സോ കേസ്: ‘ബിജെപി എംഎൽഎയ്‌ക്കെതിരെ ബുൾഡോസർ നടപടിയെടുക്കുമോ’; അഖിലേഷ്

ലക്നൗ : പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി എംഎൽഎ രാംദുലാർ ഗോണ്ടിനെതിരെ ബുൾഡോസർ നടപടിയുണ്ടാകുമോ എന്ന് ഉത്തർപ്രദേശ് സർക്കാരിനോട് സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തർപ്രദേശിലെ സോൻഭദ്രയിൽ 9 വയസ്സുകാരിയെ ബലാൽസംഗം ചെയ്ത കേസിൽ ബിജെപി എംഎൽഎ രാംദുലാർ ഗോണ്ടിനെ സോൻഭദ്ര എംപി–എംഎൽഎ കോടതി 25 വർഷം തടവിനു ശിക്ഷിച്ചതിനു പിന്നാലെയാണ് അഖിലേഷിന്റെ ചോദ്യം. ‘ബുൾഡോസർ നടപടി ഇന്നാണോ നാളെയാണോ ഉണ്ടാവുക’ എന്നായിരുന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടുള്ള അഖിലേഷിന്റെ ചോദ്യം. രാംദുലാറിനെ നിയമസഭയിൽനിന്ന് പുറത്താക്കാൻ വൈകുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

8 വർഷം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് കോടതി കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചത്. ദുദ്ദി മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗത്വവും ഗോണ്ടിന് ഇതോടെ നഷ്ടമാകും. എന്നാൽ ശിക്ഷാവിധി അറിഞ്ഞിട്ടും ബിജെപി എന്തുകൊണ്ടാണ് ഇയാളെ പുറത്താക്കാത്തത് എന്ന് അഖിലേഷ് ചോദിച്ചു. ഒരു കേസിൽ രണ്ടു വർഷമോ അതിൽ കൂടുതലോ ശിക്ഷ ലഭിക്കുന്ന ജനപ്രതിനിധി ശിക്ഷിക്കപ്പെട്ട തീയതി മുതൽ അയോഗ്യനാക്കപ്പെടും. ജയിൽശിക്ഷാ കാലാവധി കഴിഞ്ഞ അടുത്ത ആറു വർഷവും ഇവരുടെ അയോഗ്യത നിലനിൽക്കുമെന്നാണ് റ‌െപ്രസന്റേഷൻ ഓഫ് പീപ്പിൾ ആക്ടിൽ പറയുന്നത്.

2014 നവംബർ 4നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിചാരണ കാലയളവിൽ പെൺകുട്ടിയുടെ വീട്ടുകാരെ പ്രതി പലതരത്തിൽ ഭീഷണിപ്പെടുത്തുകയും പ്രായപൂർത്തിയായെന്ന് തെളിയിക്കാൻ വ്യാജ സ്കൂൾ സർട്ടിഫിക്കറ്റ് നിർമിക്കുകയും ചെയ്തു. എല്ലാ ഭീഷണികളെയും അതിജീവിച്ചാണ് പെൺകുട്ടിയും വീട്ടുകാരും കേസ് നടത്തിയത്. സംഭവം നടക്കുമ്പോൾ ഗോണ്ടിന്റെ ഭാര്യ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. പെൺകുട്ടിയുടെ സംരക്ഷണ ചുമതല ഏറ്റെടുക്കാമെന്നും ശിക്ഷ പരമാവധി കുറയ്ക്കണമെന്നുമാണ് പ്രതിയുടെ അഭിഭാഷകൻ കോടതിയിൽ അപേക്ഷിച്ചത്.

Top