ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയില്‍ കൃത്രിമം നടന്നതായി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. സമാജ്‍വാദി പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന നിരവധി പേരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തുവെന്ന് അഖിലേഷ് ആരോപിച്ചു.
വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാണിച്ചെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അഖിലേഷ് യാദവ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. ഇതുമായി ബന്ധപ്പെട്ട പേരുകളും ലഖ്നൗവിലെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും നല്‍കിയ പരാതികള്‍ക്കുള്ള മറുപടിയും ഉള്‍പ്പെടെയുള്ള രേഖകളാണ് അഖിലേഷ് അയച്ചത്. അന്വേഷണം നടക്കുന്ന സമയത്ത് സമാജ്‍വാദി പാര്‍ട്ടിയുടെ ഒരു പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്നും യാദവ് കത്തില്‍ ആവശ്യപ്പെട്ടു.
അതേസമയം യുപിയിലെ മെയിന്‍പുരി ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ അഖിലേഷിന്റെ ഭാര്യയും മുന്‍ എം.പിയുമായ ഡിംപിള്‍ യാദവ് മത്സരിക്കുന്നുണ്ട്. നേരത്തെ മുലായം സിംഗ് യാദവിന്റെ മരണത്തെ തുടര്‍ന്ന് ഈ സീറ്റ് ഒഴിഞ്ഞുകിടക്കുകയായിരുന്നു. വര്‍ഷങ്ങളായി യാദവ് കുടുംബമാണ് മെയിന്‍പുരി സീറ്റില്‍ ജയിച്ചു വരുന്നത്. മുലായം സിംഗ് യാദവിന്റെ രാഷ്ട്രീയ പാരമ്പര്യം ഇനി ഡിംപിള്‍ യാദവ് നിറവേറ്റുമെന്ന് എസ്.പി പറഞ്ഞു.