ലഖ്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് ഉത്തര്‍പ്രദേശില്‍ ബിഎസ്പിയും എസ്പിയുമായി ധാരണയിലെത്തി. രണ്ട് പാര്‍ട്ടികളും 37 സീറ്റുകളില്‍ വീതം മത്സരിക്കാനാണ് തീരുമാനം. ഇരുപാര്‍ട്ടികളുടെയും നേതൃത്വത്തിലുള്ള മഹാസഖ്യത്തില്‍ കോണ്‍ഗ്രസ് ഭാഗമാകില്ല. എന്നാല്‍, സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ എസ്പി-ബിഎസ്പി സഖ്യം മത്സരിക്കില്ല.
നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഉത്തര്‍പ്രദേശില്‍ ബിജെപിക്കെതിരായ മഹാസഖ്യം സംബന്ധിച്ച് എസ്പിയും ബിഎസ്പിയും തമ്മില്‍ ധാരണയായത്. ബിഎസ്പി അധ്യക്ഷ മായാവതിയും എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവും തമ്മില്‍ നേരിട്ട് നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സഖ്യം സംബന്ധിച്ച് അന്തിമധാരണയായത്.
ഉത്തര്‍പ്രദേശിലെ 80 ലോക്‌സഭാസീറ്റുകളില്‍ 37 വീതം സീറ്റുകളില്‍ ഇരുപാര്‍ട്ടികളും മത്സരിക്കും. അജിത് സിങ്ങിന്റെ ആര്‍എല്‍ഡിക്ക് 4 സീറ്റുകള്‍ നല്‍കും. സോണിയാഗാന്ധി മത്സരിക്കുന്നു അമേത്തിയിലും രാഹുല്‍ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയിലും സ്ഥാനാര്‍ഥികളെ നിര്‍ത്തില്ല.
മായാവതിയുടെ ജന്മദിനമായ ഈ മാസം 15ന് ശേഷമേ ഇതുസംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനം ഉണ്ടാവുകയുള്ളു എന്നാണ് വിവരം. അതേസമയം, നേരിട്ട് സഖ്യമില്ലെങ്കിലും ബിഎസ്പി-എസ്പി സഖ്യവുമായി കോണ്‍ഗ്രസിന് രഹസ്യധാരണയുണ്ടെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്.