ലഖ്‌നോ: വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്‌ടോപ് വിതരണത്തിന് പിറകെ സൗജന്യ മൊബൈല്‍ ഫോണ്‍ വിതരണവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. വാര്‍ഷികവരുമാനം രണ്ടു ലക്ഷത്തില്‍ കുറവുള്ള കുടുംബങ്ങളിലെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി 18 തികഞ്ഞവര്‍ക്കാണ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ നേതൃത്വത്തിലെ സമാജ്‌വാദി സര്‍ക്കാര്‍ മൊബൈല്‍ ഫോണ്‍ നല്‍കുന്നത്. എന്നാല്‍, സര്‍ക്കാര്‍ ജീവനക്കാരുടെ മക്കള്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല.
2012ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പുകള്‍ നല്‍കിയത് വന്‍ വിജയമായിരുന്നു. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന യു.പിയില്‍ ഭരണം പിടിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് മൊബൈല്‍ ഫോണ്‍ വിതരണമെന്ന് ബി.എസ്.പി ആരോപിച്ചു.
രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ച് ഹിന്ദുത്വവികാരം ഉയര്‍ത്തി ബി.ജെ.പിയും ദളിത് പീഡനം പറഞ്ഞ് ബി.എസ്.പിയും അടിത്തറ വിപുലമാക്കി കോണ്‍ഗ്രസുമെല്ലാം യു.പിയിലെ തിരഞ്ഞെടുപ്പ് ഗോദയില്‍ സജീവമാണ്.