ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൈക്കിള്‍ പരാമര്‍ശം തള്ളി സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് . ഗ്രാമീണ ഇന്ത്യയുടെ പ്രതീകമായ സൈക്കിളിനെ മോദി അപമാനിച്ചു എന്ന് അഖിലേഷ് യാദവ് പറഞ്ഞു.
അഹമ്മദാബാദ് സ്‌ഫോടനക്കേസില്‍ 38 പേര്‍ക്ക് വധശിക്ഷ കിട്ടിയത് നരേന്ദ്ര മോദി ഇന്നലെ യുപിയിലെ റായിലിയില്‍ ഉന്നയിച്ചിരുന്നു. സൈക്കിളിലാണ് ബോംബ് വച്ചത് എന്ന് എടുത്ത് പറഞ്ഞതും ചര്‍ച്ചയായി. സമാജ് വാദി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം സൈക്കിളാണെന്നിരിക്കെ മോദി എന്താണ് ലക്ഷ്യം വച്ചതെന്ന് വ്യക്തമായിരുന്നു. മോദിയുടെ വാക്കുകള്‍ പ്രധാനമന്ത്രിക്ക് ചേര്‍ന്നതല്ലെന്ന് അഖിലേഷ് യാദവ് തിരിച്ചടിച്ചു.
സൈക്കിള്‍ ഗ്രാമീണ ഇന്ത്യയുടെ പ്രതീകമാണ്. സാധാരണക്കാര്‍ ഉപയോഗിക്കുന്നതാണ്. സൈക്കിളിനെയും ഭീകരതയെയും കൂട്ടിക്കെട്ടാനുള്ള ശ്രമം വിജയിക്കില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു.