ലക്‌നൗ: തെരഞ്ഞെടുപ്പിന് ശേഷം ഉത്തര്‍പ്രദേശില്‍ നിന്ന് ബിജെപി പുറത്താകുമെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷനും എസ് പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ അഖിലേഷ് യാദവ്. യുപിയില്‍ മൂന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് അഖിലേഷ് യാദവിന്റെ പ്രതികരണം.
‘ബിജെപി പുറത്താകാന്‍ പോകുന്നു. യുപിയിലെ കര്‍ഷകര്‍ അവരോട് ക്ഷമിക്കുകയില്ല. ആദ്യ രണ്ട് ഘട്ടങ്ങളിലായി ഞങ്ങളുടെ സീറ്റുകളുടെ എണ്ണം 100 ഉറപ്പിച്ചു. എസ് പിയുടെ നേതൃത്വത്തിലുള്ള സഖ്യം എല്ലാവരെക്കാളും മുന്നില്‍ നില്‍ക്കും’ എട്ടാവാഹ് ജില്ലയിലെ ജസ്വന്ത് നഗറില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം അഖിലേഷ് യാദവ് മാധ്യമങ്ങളോട് പറഞ്ഞു.
യുപിയിലെ രണ്ടാം ഘട്ട നിയമസഭ തെരഞ്ഞടുപ്പിന് മുന്നോടിയായും ബിജെപിക്കെതിരെയും അഖിലേഷ് യാദവിന്റെ പരിഹാസ പ്രതികരണമുണ്ടായിരുന്നു. ബിജെപിയുടെ ചെറിയ നേതാക്കള്‍ ചെറിയ നുണകള്‍ പറയുന്നു, വലിയ നേതാക്കള്‍ വലിയ നുണകള്‍ പറയുന്നു, അവരുടെ ഉന്നത നേതാവ് ഏറ്റവും വലിയ നുണയനാണ് എന്നായിരുന്നു യാദവിന്റെ വാക്കുകള്‍. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബദൗണില്‍ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയായിരുന്നു യാദവ് ബിജെപിക്കെതിരെ ആഞ്ഞടിച്ചത്.
ഹത്രാസ്, ഫിറോസാബാദ്, കാസ്ഗഞ്ച്, ഇറ്റാ, മെയിന്‍പുരി, ഫറൂഖാബാദ്, കനൗജ്, ഇറ്റാവ, ഔറിയ, ഝാന്‍സി, ലളിത്പൂര്‍, ഹമീര്‍പൂര്‍, മഹോബ എന്നീ 16 ജില്ലകളാണ് മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്.