Akhilesh Yadav praises Rahul Gandhi, sets off speculation of Congress-Samajwadi Party tie-up

ലക്‌നൗ: രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ ഭരണം നിലനിര്‍ത്താന്‍ സമാജ്‌വാദി പാര്‍ട്ടിക്ക് കോണ്‍ഗ്രസ്സ് ഒരു കൈ സഹായം നല്‍കിയേക്കും.

അടുത്ത വര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ പരസ്പരം സഖ്യമായി മത്സരിക്കുമെന്ന അഭ്യൂഹങ്ങളെ ശക്തിപ്പെടുത്തുന്നതാണ് കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെയും പരസ്പരമുള്ള പുകഴ്ത്തല്‍.

യുപി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചപ്പോഴും മുഖ്യമന്ത്രി അഖിലേഷ് നന്നായി പെരുമാറുന്നയാളാണെന്നും മിടുക്കനാണെന്നുമായിരുന്നു രാഹുലിന്റെ കമന്റ്.

ഇതിന് മറുപടിയായി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ച അഖിലേഷ് യാദവ് കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ കൂടുതല്‍ സമയം യുപിയില്‍ ചിലവഴിക്കുകയാണെങ്കില്‍ അദ്ദേഹവുമായി കൂടുതല്‍ സൗഹൃദം സ്ഥാപിക്കാമെന്നാണ് വ്യക്തമാക്കിയത്.

രണ്ട് നല്ല ആളുകള്‍ അടുക്കുന്നതില്‍ എന്താണ് തെറ്റെന്നും അഖിലേഷ് യാദവ് ചോദിച്ചിരുന്നു.

രണ്ട് നേതാക്കളുടെയും പ്രതികരണങ്ങളില്‍ ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നത് ഇപ്പോള്‍ ബിജെപിക്കും ബിഎസ്പിക്കുമാണ്.

അഖിലേഷ് യാദവ് സര്‍ക്കാരിനെതിരെയുള്ള ജനവികാരം മുതലാക്കി അധികാരത്തിലെത്താമെന്നുള്ള ബിജെപിയുടെയും ബിഎസ്പിയുടെയും സ്വപ്നങ്ങള്‍ക്കാണ് യുപിയിലെ ഇപ്പോഴത്തെ രാഷ്ട്രീയം കരിനിഴല്‍ പടര്‍ത്തുന്നത്.

സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസ്സും ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിട്ടാന്‍ ബിജെപിക്കും ബിഎസ്പിക്കും നന്നായി വിയര്‍ക്കേണ്ടി വരും.

ബിഎസ്പി നേതാവ് മായാവതിയും ബിജെപി സംസ്ഥാന നേതൃത്വവും തമ്മില്‍ ഏറ്റുമുട്ടലിന്റെ പാതയിലായതിനാല്‍ ഇരുവര്‍ക്കും നിലവിലെ സാഹചര്യത്തില്‍ സഹകരിക്കാന്‍ പറ്റില്ല.

മാത്രമല്ല ബിഎസ്പിയുമായി സഹകരണമുണ്ടായാല്‍ മുന്നോക്ക വോട്ടുകള്‍ ബിജെപിക്ക് നഷ്ടപ്പെടാനുള്ള സാധ്യതയുമുണ്ട്.

രാജ്യസഭയില്‍ കേന്ദ്രസര്‍ക്കാരിന്റെ ‘രക്ഷ’ക്ക് പലതവണ ബിഎസ്പി അംഗങ്ങള്‍ വന്നത് മായാവതിക്കെതിരായ സിബിഐ അന്വേഷണം പേടിച്ചിട്ടാണെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ സംസാരം.

ബിജെപിയുമായി പരസ്യമായ സഖ്യം ഉണ്ടാക്കിയാല്‍ അത് രാഷ്ട്രീയപരമായി ബിഎസ്പിയെ എങ്ങനെ ബാധിക്കുമെന്നതും പരിശോധിക്കേണ്ട കാര്യം തന്നെയാണ്.

ഏത് വിധേനയും യുപി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് മികച്ച നേട്ടമുണ്ടാക്കുക എന്നത് മാത്രമാണ് ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍.

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പാണ് പ്രധാനലക്ഷ്യം.

ലോക്‌സഭയിലെ 552 അംഗങ്ങളില്‍ 80 അംഗങ്ങളെ തിരഞ്ഞെടുക്കുന്ന യുപി ഫലം തന്നെയാണ് രാജ്യം ആര് ഭരിക്കണമെന്ന കാര്യത്തില്‍ നിര്‍ണ്ണായകമാവുന്നത്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 71 സീറ്റുകള്‍ നേടി മികച്ച നേട്ടമാണ് ബിജെപി യുപിയില്‍ കൊയ്തത്.

അതുതന്നെയാണ് സംസ്ഥാന ഭരണം പിടിക്കാന്‍ പറ്റുമെന്ന ബിജെപിയുടെ ആത്മവിശ്വാസത്തിന് പിന്നില്‍.

എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലടക്കം നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞതാണ് ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടിയുടെ ആശ്വാസം.

സ്ത്രീകള്‍ക്കെതിരെ ബലാത്സംഗങ്ങള്‍ പെരുകുന്നതും അഖിലേഷ് യാദവ് സര്‍ക്കാര്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്.

അതുകൊണ്ട് തന്നെയാണ് ഭാഗ്യപരീക്ഷണത്തിന് മുതിരാതെ കോണ്‍ഗ്രസ്സുമായി ഒരു ‘ ധാരണ’ നിയമസഭ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി ആഗ്രഹിക്കുന്നതത്രെ.

കോണ്‍ഗ്രസ്സ് ആവട്ടെ യുപിയില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി കൂട്ടുകെട്ട് ഉണ്ടാക്കിയാല്‍ അത് ലോക്‌സഭാ തിരഞ്ഞെടുപ്പിലും തുടരാമെന്നും രാഹുല്‍ ഗാന്ധിയുടെ പ്രധാനമന്ത്രി പദത്തിലേക്കുള്ള ദൂരം കുറയുമെന്നുമുള്ള കണക്ക്കൂട്ടലിലാണ്.

തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി രാഷ്ട്രീയ ലോക്ദള്‍, സമാജ്‌വാദി പാര്‍ട്ടി, ക്വാമി ഏക്താദള്‍ എന്നിവയുമായുള്ള ചര്‍ച്ചയിലാണിപ്പോള്‍ സമാജ്‌വാദി പാര്‍ട്ടി.

അതേസമയം രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച അയോധ്യയിലെത്തി. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള കിസാന്‍ യാത്രയുടെ ഭാഗമായാണ് അയോധ്യയിലെത്തിയത്. ബാബറി മസ്ജിദ് തകര്‍പ്പെട്ട സ്ഥലത്തുനിന്ന് ഒരു കിലോമീറ്റര്‍ മാത്രം ദൂരമുള്ള ഹനുമാന്‍ ഗാര്‍ഹി ക്ഷേത്രത്തിലും രാഹുല്‍ സന്ദര്‍ശനം നടത്തി.

ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവച്ച 1992ലെ ബാബറി മസ്ജിദിന്റെ തകര്‍ച്ചയ്ക്കുശേഷം അയോധ്യ സന്ദര്‍ശിക്കുന്ന ആദ്യ നെഹ്‌റുഗാന്ധി കുടുംബാംഗമാണ് രാഹുല്‍. അതിനുശേഷം ഇവിടെയെത്തുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാഹുലാണ്.

രാഹുലിന്റെ പിതാവ് രാജീവ് ഗാന്ധിയാണ് അവസാനമായി അയോധ്യ സന്ദര്‍ശിച്ച നെഹ്‌റുഗാന്ധി കുടുംബാംഗം. 1990ലായിരുന്നു ഇത്. അയോധ്യയില്‍ എത്തിയില്ലെങ്കിലും പിന്നീട് സമീപപ്രദേശങ്ങള്‍ സന്ദര്‍ശിച്ച നെഹ്‌റുഗാന്ധി കുടുംബാംഗങ്ങള്‍ വേറെയുണ്ട്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമയത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അയോധ്യയ്ക്കടുത്തുള്ള ഫൈസാബാദില്‍ തിരഞ്ഞെടുപ്പു റാലിയില്‍ പങ്കെടുക്കാനെത്തിയിരുന്നു.

ബിജെപിയോടൊപ്പമുള്ള നെഹ്‌റുഗാന്ധി കുടുംബാംഗമായ വരുണ്‍ ഗാന്ധി, അയോധ്യയ്ക്ക് അടുത്തുള്ള സുല്‍ത്താന്‍പൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍നിന്നുള്ള ജനപ്രതിനിധിയാണ്. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ആവശ്യങ്ങള്‍ക്കായി വരുണ്‍ പലതവണ അയോധ്യ സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും എല്ലാം അവസാന നിമിഷം ഒഴിവാക്കപ്പെടുകയായിരുന്നു.

യുപിയിലെ രാഹുലിന്റെ രാഷ്ട്രീയ കരുനീക്കങ്ങളെ അതീവ ജാഗ്രതയോടെയാണ് സംഘ്പരിവാര്‍ സംഘടനകള്‍ നോക്കിക്കാണുന്നത്.

Top