ലഖ്‌നൗ: നിയമസഭയിലേക്ക് മത്സരിക്കാനുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തീരുമാനത്തിന് പിന്നാലെ, എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവും സമാന തീരുമാനത്തിലേക്ക്. അസംഗഡിലെ ഗോപാല്‍പൂരില്‍ നിന്ന് അഖിലേഷ് ജനവിധി തേടുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. മത്സരിക്കാനുള്ള സന്നദ്ധത അഖിലേഷും അറിയിച്ചിട്ടുണ്ട്.
നിലവില്‍ അസംഗഡില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് അദ്ദേഹം. മത്സരിക്കാനില്ലെന്നും സംസ്ഥാനത്തെ ഓരോ സീറ്റിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നുമാണ് അഖിലേഷ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ യോഗിയുടെ പ്രഖ്യാപനത്തിന് പിന്നാലെ തീരുമാനം മാറ്റുകയായിരുന്നു. ആദ്യമായാണ് അഖിലേഷ് യാദവ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ നിന്നാണ് യോഗി ജനവിധി തേടുന്നത്.
2012ല്‍ സംസ്ഥാനത്ത് എസ്പി വന്‍ വിജയം നേടിയപ്പോള്‍ മുഖ്യമന്ത്രിയായിരുന്നു അഖിലേഷ്. 38കാരനായിരുന്ന അദ്ദേഹം രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയുമായിരുന്നു. ആ സമയത്ത് കന്നൗജില്‍ നിന്നുള്ള എംപിയായിരുന്നു അദ്ദേഹം. പിന്നീട് സംസ്ഥാന ലജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
കന്നൗജ് സീറ്റില്‍ ഭാര്യ ഡിംപിള്‍ യാദവ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. അതിനിടെ, അഖിലേഷിന്റെ സഹോദരന്‍ പ്രതീക് യാദവിന്റെ ഭാര്യ അപര്‍ണ യാദവ് ബുധനാഴ്ച ബിജെപിയില്‍ ചേര്‍ന്നു. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ നിരവധി ബിജെപി നേതാക്കള്‍ എസ്പിയിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ്, മുലായം കുടുംബത്തില്‍ നിന്നുള്ള ഒരംഗം ഭരണകക്ഷിയിലെത്തുന്നത്.