ഇപ്പോൾ നടന്നുവരുന്ന പാക്കിസ്ഥാൻ – വെസ്റ്റിൻഡീസ് ട്വന്റി20 മത്സരങ്ങൾ കാണാൻ ആളെത്താത്ത സ്ഥിതിയായതോടെ, കാണികളോട് സ്റ്റേഡിയത്തിലേക്ക് എത്താൻ പ്രത്യേകം അഭ്യർഥിക്കുകയാണ് മുൻ താരങ്ങളായ വസിം അക്രവും ഷാഹിദ് അഫ്രീദിയുമെല്ലാം. സ്റ്റേഡിയത്തിൽ ആളു കയറാത്ത സാഹചര്യത്തിലാണ് മുൻ താരങ്ങളുടെ ഇടപെടൽ.
കോവിഡ് വ്യാപനം നിമിത്തം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി സ്റ്റേഡിയങ്ങളിൽ പരമാവധി കാണികളെ കയറ്റാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) അനുമതി നൽകിയെങ്കിലും മത്സരം കാണാൻ ആരാധകർ സ്റ്റേഡിയങ്ങളിലേക്കു വരുന്നില്ല. കഴിഞ്ഞ ദിവസം നടന്ന പാക്കിസ്ഥാൻ – വെസ്റ്റിൻഡീസ് മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തിയത് വെറും 4000 പേരാണ്. 32,000 പേരെ ഉൾക്കൊള്ളുന്ന സ്റ്റേഡിയത്തിലാണ് വെറും 4000 പേർ കളി കാണാനെത്തിയത്.
‘ദേശീയ ടീമിന്റെ മത്സരം കാണാൻ ഇത്രയും കുറച്ച് ആളുകൾ വരുന്നത് നിരാശാജനകമാണ്. സാധാരണ ടിക്കറ്റ് നിരക്ക് പകുതിയാക്കി കുറച്ചിട്ടെങ്കിലും ആളു കയറുമെന്നാണ് പ്രതീക്ഷ’ – പിസിബി പ്രതിനിധി പറഞ്ഞു.അതേസമയം, സ്റ്റേഡിയത്തിലെത്തുന്നവർക്ക് കൂടുതൽ മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് പിസിബി പ്രസിഡന്റ് റമീസ് രാജ പ്രഖ്യാപിച്ചിരുന്നെങ്കിലും അത് പ്രാവർത്തികമായില്ലെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. മത്സരം കാണാനെത്തുന്നവർ സ്റ്റേഡിയത്തിൽനിന്നും വളരെ ദൂരെ വാഹനം പാർക്ക് ചെയ്തശേഷം നടന്ന് വരേണ്ട സ്ഥിതിയാണ്. മാത്രമല്ല, കനത്ത സുരക്ഷാ ക്രമീകരണങ്ങളും സ്റ്റേഡിയത്തിലേക്കു വരുന്നതിൽനിന്ന് കാണികളെ അകറ്റുന്നതായി അവർ ചൂണ്ടിക്കാട്ടുന്നു.