ന്യൂഡല്‍ഹി: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഒഡീഷയെ തോല്‍പ്പിച്ച് കേരളത്തിന് വിജയ തുടക്കം. എലൈറ്റ് ഗ്രൂപ്പ് ബിയില്‍ 6 വിക്കറ്റിനാണ് കേരളം ഒഡീഷയെ തറപറ്റിച്ചത്. കേരളത്തിനായി നാല് വിക്കറ്റുകള്‍ വീഴ്ത്തിയ അക്ഷയ് ചന്ദ്രന്റെ പ്രകടനമാണ് വിജയത്തില്‍ നിര്‍ണ്ണായകമായത്.
ടോസ് നേടി ബോളിങ്ങ് തെരഞ്ഞെടുത്ത ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ തീരുമാനം ശരിവച്ച് ഒഡിഷയുടെ ടീം സ്‌കോര്‍ രണ്ടക്കം കടക്കുന്നതിന് മുമ്പ് കേരളം ഓപ്പണര്‍മാരെ മടക്കി. കേരളത്തിനായി അക്ഷയ് ചന്ദ്രന് പുറമേ ജലജ് സക്‌സേന മൂന്നും ബേസില്‍ തമ്പി, സന്ദീപ് വാര്യര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഒഡീഷ 34.4 ഓവറില്‍ 117 റണ്‍സിന് പുറത്താകുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 37.3 ഓവറില്‍ 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയ ലക്ഷ്യം മറികടക്കുകയായിരുന്നു. നായകന്‍ സച്ചിന്‍ ബേബി (41), സല്‍മാന്‍ നിസാര്‍ (31), സഞ്ജു സാംസണ്‍ (25) എന്നിവര്‍ കേരളത്തിനായി ബാറ്റിങ്ങില്‍ തിളങ്ങിയപ്പോള്‍ കേരളത്തിന് ആവേശകരമായ വിജയം. സെപ്റ്റംബര്‍ 23ന് ഛത്തീസ്ഗഡിനെതിരെയാണ് കേരളത്തിന്റെ രണ്ടാം മത്സരം നടക്കുന്നത്.