മുംബൈ: അക്ഷയ് കുമാറിന്റെ പുതിയ സിനിമയായ ‘മിഷന്‍ റാണിഗഞ്ചിന്റെ’ ടാഗ് ലൈന്‍ മാറ്റിയതില്‍ വിശദീകരണവുമായി താരം. സിനിമയുടെ പേരിനൊപ്പം പോസ്റ്ററില്‍ ഉണ്ടായിരുന്ന ‘ദി ഗ്രേറ്റ് ഇന്ത്യന്‍ റെസ്‌ക്യൂ’ എന്ന ടാഗ് ലൈന്‍ മാറ്റി ‘ദി ഗ്രേറ്റ് ഭാരത് റെസ്‌ക്യൂ’ എന്നാക്കിയതും ഏറെ വിവാധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇന്ത്യ-ഭാരതം പേരുമാറ്റ വിവാദങ്ങള്‍ക്കിടെയായിരുന്നു ടാഗ് ലൈനിലെ മാറ്റവും. ഇന്ത്യ ടുഡേ’ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇതിനെള്ള കാരണവും താരം വ്യക്തമാക്കുന്നുണ്ട്.
‘സിനിമയുടെ നിര്‍മാതാവാണ് മാറ്റം നിര്‍ദേശിച്ചത്. എനിക്കും അത് ഇഷ്ടപ്പെട്ടു. അങ്ങനെ ഞങ്ങള്‍ അതുമായി മുന്നോട്ടു പോയി. ഇന്ത്യ, ഭാരതം, ഹിന്ദുസ്ഥാന്‍ എല്ലാം ഒന്നാണ്. നിങ്ങളുടെ പാസ്പോര്‍ട്ടില്‍ പോലും രണ്ടും പറയുന്നുണ്ട്. അതില്‍ കാര്യമില്ല. ഞങ്ങള്‍ എല്ലാവരും അതിനോട് യോജിക്കുകയും അത് മാറ്റുകയും ചെയ്തു. ഏറ്റവും പുതിയ ട്രെന്‍ഡിനനുസരിച്ച് വാര്‍ത്തകള്‍ മാറുന്നതുപോലെ, ചിത്രത്തിന്റെ നിര്‍മാതാവ് പേര് ട്രെന്‍ഡിനൊപ്പം ആക്കണമെന്ന് ആഗ്രഹിച്ചു. അതിനാല്‍, ടാഗ്ലൈന്‍ മാറ്റം വരുത്തി’, അക്ഷയ് കുമാര്‍ വിശദീകരിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത ‘മിഷന്‍ റാണിഗഞ്ചിന്റെ’ തിയറ്ററുകളില്‍നിന്ന് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായില്ല. നാല് ദിവസം കൊണ്ട് 13.85 കോടിയാണ് ആകെ നേടിയത്്. പരിനീതി ചോപ്ര, കുമുദ് മിശ്ര എന്നിവരാണ് ടിനു സുരേഷ് ദേശായ് സംവിധാനം ചെയ്ത ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. 1989 നവംബറില്‍ ഇന്ത്യയിലെ ആദ്യത്തെ വിജയകരമായ കല്‍ക്കരി ഖനി രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കിയ ജസ്വന്ത് സിങ് ഗില്ലിന്റെ ജീവിത കഥയെ അടിസ്ഥാനമാക്കിയാണ് സിനിമ.