അക്ഷയ് വാഡ്കറുടെ സെഞ്ചുറി കരുത്തില്‍ മുംബൈക്ക് മുന്നില്‍ കീഴടങ്ങാതെ വിദര്‍ഭയുടെ വീരോചിത പോരാട്ടം

മുംബൈ: രഞ്ജി ട്രോഫി ഫൈനലില്‍ അക്ഷയ് വാഡ്കറുടെ സെഞ്ചുറി കരുത്തില്‍ മുംബൈക്ക് മുന്നില്‍ കീഴടങ്ങാതെ വിദര്‍ഭയുടെ വീരോചിത പോരാട്ടം. 538 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന വിദര്‍ഭ അവസാന ദിവസം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 344 റണ്‍സെന്ന നിലയിലാണ്. 100 റണ്‍സുമായി അക്ഷയ് വാഡ്കറും 58 റണ്‍സോടെ ഹര്‍ഷ് ദുബേയും ക്രീസില്‍. 195 പന്തിലാണ് വാഡ്കര്‍ സെഞ്ചുറി തികച്ചത്. രണ്ട് സെഷനും അഞ്ച് വിക്കറ്റും ശേഷിക്കെ വിദര്‍ഭക്ക് ജയിക്കാന്‍ 194 റണ്‍സ് കൂടി മതി.

ലഞ്ചിനുശേഷമുള്ള രണ്ടാം സെഷനിലും വാഡ്കര്‍-ദുബെ സഖ്യം പിടിച്ചു നിന്നാല്‍ മുംബൈ സമ്മര്‍ദ്ദത്തിലാവും. മത്സരം സമനിലയായാലും ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ കരുത്തില്‍ മുംബൈ കിരീടം നേടുമെന്നതിനാല്‍ വിജയത്തിനായാവും വിദര്‍ഭ ശ്രമിക്കു. അവസാന രണ്ട് സെഷനുകളിലെ പോരാട്ടമായിരിക്കും ഇത്തവണത്തെ രഞ്ജി ട്രോഫി കിരീട ജേതാക്കളെ നിര്‍ണയിക്കുക.നാലാം ദിനം കടുത്ത പ്രതിരോധവുമായി ക്രീസില്‍ നിന്ന മലയാളി താരം കരുണ്‍ നായരും വാഡ്കറും ചേര്‍ന്നാണ് എളുപ്പം ജയിക്കാമെന്ന മുംബൈയുടെ പ്രതീക്ഷകള്‍ തകര്‍ത്തത്. 220 പന്ത് നേരിട്ട കരുണ്‍ നായര്‍ മൂന്ന് ബൗണ്ടറികള്‍ മാത്രം നേടിയാണ് 74 റണ്‍സെടുത്തത്. 48–ാം തവണ രഞ്ജി ട്രോഫി ഫൈനലിലെത്തിയ മുംബൈ 41-ാം കിരീടമാണ് ലക്ഷ്യമിടുന്നത്. 2017-2018, 2018-2019 സീസണുകളിലാണ് വിദര്‍ഭ രഞ്ജി ചാമ്പ്യന്‍മാരായത്.

248-5 എന്ന സ്‌കോറില്‍ അവസാന ദിവസം ക്രീസിലിറങ്ങിയ വിദര്‍ഭക്കായി വാഡ്കറും ഹര്‍ഷ് ദുബേയും ചേര്‍ന്നാണ് ചെറുത്തു നിന്നത്. ആദ്യ സെഷനില്‍ വിക്കറ്റ് നഷ്ടപ്പെടാതെ പിടിച്ചു നില്‍ക്കുക എന്നതായിരുന്നു വിദര്‍ഭയുടെ ലക്ഷ്യം. അത് ഫലപ്രദമായി ഗ്രൗണ്ടില്‍ നടപ്പാക്കാന്‍ വിദര്‍ഭക്കായി. ഒപ്പം വിലപ്പെട്ട 85 റണ്‍സും ആദ്യ സെഷനില്‍ വിദര്‍ഭ കൂട്ടിച്ചേര്‍ത്തു.

Top