‘കാശ്മീരിനെ മോചിപ്പിക്കാന്‍’ ആഹ്വാനം ചെയ്ത് അല്‍ ഖ്വയ്ദ; താലിബാന് ക്ഷണം

കശ്മീരിനെ മോചിപ്പിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമാകാന്‍ താലിബാനെ ക്ഷണിച്ച് അല്‍ ഖ്വയ്ദ. കശ്മീരിനെയും മറ്റ് ഇസ്ലാമിക രാജ്യങ്ങളെയും ‘ഇസ്ലാമിന്റെ ശത്രുക്കളുടെ പിടിയില്‍’ നിന്ന് മോചിപ്പിക്കണമെന്ന ആഹ്വാനമാണ് അല്‍ ഖ്വയ്ദ നടത്തിയത്. അഫ്ഗാനിസ്ഥാനിലെ യുഎസ് പിന്മാറ്റത്തിന് പിന്നാലെ സമ്പൂര്‍ണ സ്വാതന്ത്ര്യം പ്രഖ്യാപിച്ച താലിബാനെ അഭിനന്ദിക്കുന്ന സന്ദേശത്തിലാണ് അല്‍ ഖ്വയ്ദയുടെ ആഹ്വാനം.

അഫ്ഗാനിസ്ഥാന്‍ ‘പൂര്‍ണ്ണ സ്വാതന്ത്ര്യം’ നേടിയതായി താലിബാന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പുറത്തിറക്കിയ വിശദമായ പ്രസ്താവനയിലാണ് അല്‍ഖ്വയ്ദ കാലങ്ങളായി ഉയര്‍ത്തുന്ന ആഹ്വാനം ആവര്‍ത്തിക്കുന്നത്. ജോര്‍ദാന്‍, സിറിയ, ലെബനാന്‍ എന്നീ നാടുകളും, ഇറാഖിന്റെ വടക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളും, സീനായ് ഉപദ്വീപിന്റെ വടക്ക് കിഴക്കന്‍ പ്രദേശവും ഉള്‍പ്പെടുന്ന ലെവാന്റ്, പലസ്തീന്‍, സൊമാലിയ തുടങ്ങിയ പ്രദേശങ്ങളുടെ മോചനത്തിന് ഒപ്പം കശ്മീരിന് വേണ്ടിയും അല്‍ഖ്വയ്ദ ശബ്ദമുയര്‍ത്തുന്നത്.

ലെവന്റ്, സൊമാലിയ, യെമന്‍, കശ്മീര്‍, മറ്റ് മുസ്ലീം രാജ്യങ്ങള്‍ എന്നിവയെ ഇസ്ലാമിക ശത്രുക്കളുടെ പിടിയില്‍ നിന്ന് മോചിപ്പിക്കുക. ലോകമെമ്പാടുമുള്ള മുസ്ലീം തടവുകാര്‍ക്ക് സ്വാതന്ത്ര്യം നല്‍കുക, ‘അഫ്ഗാനിസ്ഥാനില്‍ നേടിയ വിജയത്തിന് ഇസ്ലാമിക സമൂഹത്തിന് അഭിനന്ദനങ്ങള്‍!’ എന്ന തലക്കെട്ടിലായിരുന്നു സന്ദേശം. അഫ്ഗാനില്‍ താലിബാന്‍ ഭരണം പിടിച്ചതിന് പിന്നാലെ ലോകമെമ്പാടുമുള്ള ഭീകര സംഘടനകള്‍ സജീവമാവുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് അല്‍ഖ്വായിദ പരസ്യ പ്രസ്താവനയുമായി രംഗത്ത് എത്തുന്നത്.

Top