ശ്രീനഗര്‍: കശ്മീരിനെ മറക്കരുതെന്നും ഇന്ത്യന്‍ സൈന്യത്തിന് തിരിച്ചടി നല്‍കണമെന്നും അഹ്വാനം ചെയ്ത് അല്‍-ഖ്വയിദ തലവന്‍ അയ്മന്‍ അല്‍-സവാഹിരി രംഗത്ത്. ഭീകരസംഘടന പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലാണ് ഇന്ത്യന്‍ സൈന്യത്തിനെതിരെയും ജമ്മുകശ്മീരിനെതിരെയും ഭീകര തലവന്‍ ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്.
ഇന്ത്യന്‍ സൈന്യത്തിന് തിരിച്ചടി നല്‍കാന്‍ കശ്മീരിലെ മുജാഹിദ്ദീനുകള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അയ്മന്‍ അല്‍-സവാഹിരി വീഡിയോയില്‍ പറഞ്ഞു.ഇന്ത്യന്‍ സൈന്യത്തിനെതിരെയും സര്‍ക്കാറിനെതിരെയും പ്രവര്‍ത്തിച്ച് സാമ്പത്തികാവസ്ഥ തകര്‍ക്കുന്നതിലും ആള്‍നാശം വരുത്തുന്നതിലുമായിരിക്കണം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. കാശ്മീരിന് വേണ്ടിയുള്ള പോരാട്ടം പ്രത്യേകമല്ലെന്നും ലോകത്താകമാനമുള്ള ജിഹാദി പോരാട്ടത്തിന്റെ ഭാഗമാണെന്നും സവാഹിരി പറഞ്ഞു. പള്ളികളോ മാര്‍ക്കറ്റുകളോ മുസ്ലീങ്ങള്‍ ഒത്തുചേരുന്ന പ്രദേശങ്ങളോ ആക്രമിക്കരുതെന്നും സവാഹിരി നിര്‍ദേശം നല്‍കുന്നുണ്ട്.
അതിര്‍ത്തിയിലെ ഭീകരവാദം വളര്‍ത്തുന്നതില്‍ പാക്കിസ്ഥാനുള്ള പങ്കിനെ കുറിച്ചും 14 മിനുട്ട് ദൈര്‍ഘ്യമുള്ള പ്രസംഗത്തില്‍ സവാഹിരി സൂചിപ്പിക്കുന്നുണ്ട്.തങ്ങളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് ഉപയോഗിച്ച ശേഷം മുജാഹിദീനുകളെ വലിച്ചെറിയുകയോ പീഡിപ്പിക്കുകയോ ചെയ്യാനാണ് പാക്കിസ്ഥാന് താല്‍പര്യമെന്നായിരുന്നു സവാഹിരിയുടെ പരാമര്‍ശം. കശ്മീരിലെ പോരാട്ടം ഒറ്റപ്പെട്ട ഒന്നല്ല, ആഗോള മുസ്ലിമുകളുടെ ജിഹാദിന്റെ ഭാഗമാണ്. അഫ്ഗാനിസ്ഥാനില്‍ നിന്ന് റഷ്യക്കാരെ ഒഴിപ്പിച്ചതിന് ശേഷം അറബ് മുജാഹിദീനുകളെ കശ്മീരില്‍ പ്രവേശിക്കുന്നതില്‍ നിന്ന് പാക്കിസ്ഥാന്‍ തടയുകയാണെന്നും സവാഹിരി ആരോപിച്ചു.
അതേസമയം, ഭീകരപ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നില്ലെന്ന് തെളിയിക്കുന്നതിനായി പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് തന്നെയാണ് വീഡിയോ പുറത്തുവിട്ടതെന്നും ആരോപണമുണ്ട്. കാശ്മീരിലെ സംഘട്ടനങ്ങള്‍ വെറും അതിര്‍ത്തി തര്‍ക്കം മാത്രമല്ലെന്നും മുസ്ലിം സമുദായത്തിനെതിരെയുള്ള വിനാശ ശക്തികളോടുള്ള യുദ്ധമാണെന്നും സവാഹിരി പറഞ്ഞു.