ന്യൂഡല്‍ഹി: ബംഗാളില്‍ ഭീകരാക്രമണം നടത്താന്‍ തീവ്രവാദ സംഘടനയായ അല്‍ ഖ്വയ്ദ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. നവംബര്‍ അഞ്ചിനാണ് ഇന്റലിജന്‍സ് ബ്യൂറോ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ചില ‘വിദേശശക്തികളുടെ’ സഹായത്തോടെയാണ് ആക്രമണത്തിന് പദ്ധതിയിട്ടത്.
ബംഗാളിലെ വിവിധ രാഷ്ട്രീയ നേതാക്കളെയും അല്‍ഖ്വയ്ദ ലക്ഷ്യമിട്ടിരുന്നു. കറാച്ചിയിലും പെഷവാറിലും സംഘടന റിക്രൂട്ട്മെന്റ് കേന്ദ്രങ്ങള്‍ പോലും സ്ഥാപിച്ചിരുന്നു. അല്‍ഖ്വയ്ദയിലേക്ക് സോഷ്യല്‍ മീഡിയ വഴി ആളുകളെ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് കേസില്‍ ഇതുവരെ 11 പേരെയാണ് എന്‍.ഐ.എ കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് സുപ്രധാന വിവരങ്ങള്‍ ലഭിച്ചത്.
ലഷ്‌കര്‍-ഇ-ത്വയ്ബയ്ക്ക് വേണ്ടി സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളെ കൈകാര്യം ചെയ്യുന്ന പാകിസ്താന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരാളേയും എന്‍.ഐ.എ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.