വാഷിങ്ങ്ടണ്‍: അല്‍ഖ്വയിദയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനേത്തുടര്‍ന്ന് അമേരിക്കന്‍ പൗരന് 45 വര്‍ഷത്തെ തടവ്. മുഹ്‌നദ് മെഹമൂദ് അല്‍ഫരേഖ് എന്ന 32 കാരനെയാണ് അമേരിക്കന്‍ നീതിന്യായ വകുപ്പ് ശിക്ഷിച്ചത്.
അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുള്ള അല്‍ഖ്വയിദയുടെ പദ്ധതിയില്‍ ഇയാളും ഒപ്പം ചേര്‍ന്നിരുന്നുവെന്നതാണ് കുറ്റം.
ഏഴ് വര്‍ഷത്തോളമായി ഇയാള്‍ക്ക് ഭീകരസംഘടനയുമായി ബന്ധമുണ്ടെന്നും കൊലപാതകകുറ്റവും ഗൂഢാലോചനയുമടക്കമുള്ള ഒന്നിലേറെ കുറ്റങ്ങളാണ് ഇയാള്‍ക്കുമേല്‍ ചുമത്തിയിട്ടുള്ളതെന്നും നീതിന്യായ വകുപ്പിന്റെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. അല്‍ഖ്വയിദ അംഗങ്ങള്‍ക്ക് സ്‌ഫോടനവസ്തുക്കളും മറ്റ് സാധനസാമഗ്രികലും എത്തിക്കുന്നതിലും ഇയാള്‍ പങ്കുവഹിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.
ആദ്യം പാക്കിസ്ഥാനിലെ ഗോത്ര മേഖലയിലേക്ക് കടന്ന ഇയാള്‍ പിന്നീട് അഫ്ഗാനിലേക്ക് എത്തുകയും ഇവിടെ അല്‍ഖ്വയ്ദ യൂണിറ്റിന്റെ കീഴില്‍ പരിശീലനം നേടുകയും ചെയ്‌തെന്നും അന്വേഷണത്തില്‍ കണ്ടെത്തി.