ഡല്‍ഹി: അല്‍-ഖായിദ സംഘത്തിലെ ഒരു ഭീകരപ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ സഹായത്തോടെ പശ്ചിമബംഗാള്‍ എന്‍ഐഎ സംഘമാണ് ഇയാളെ പിടികൂടിയത്. രാജ്യത്തിന്റെ തന്ത്രപ്രധാന ഭാഗങ്ങളില്‍ ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടിരുന്ന ഒമ്പത് അല്‍-ഖായിദ പ്രവര്‍ത്തകരെ ഒരാഴ്ച മുമ്പ് എന്‍ഐഎ കസ്റ്റഡിയിലെടുത്തിരുന്നു. സെപ്റ്റംബര്‍ 19 ന് കൊച്ചിയില്‍ നിന്ന് മൂന്നും മുര്‍ഷിദാബാദില്‍ നിന്ന് ആറും ഭീകരപ്രവര്‍ത്തകരാണ് പിടിയിലായത്. ഡല്‍ഹി, കൊച്ചി, മുംബൈ എന്നിവടങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്ന ഇവരുടെ പക്കല്‍ നിന്ന് ആയുധശേഖരവും ലഘുലേഖകളും പിടിച്ചെടുത്തിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്താനുള്ള ധന, ആയുധസമാഹരണത്തിനായി സംഘം ഡല്‍ഹിയിലെത്താന്‍ ശ്രമിച്ചിരുന്നതായും പാക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍-ഖായിദ ഭീകരസംഘടനയില്‍ നിന്നുള്ള നിര്‍ദേശങ്ങളനുസരിച്ചാണ് അറസ്റ്റിലായവര്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും എന്‍ഐഎ വ്യക്തമാക്കി. സംഘത്തിന്റെ അറസ്റ്റോടെ ഭീകരാക്രമണപദ്ധതി തകര്‍ക്കാന്‍ സാധിച്ചതായും എന്‍ഐഎ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.