ഇസ്രയേല്‍ സൈന്യത്തിന്റെ ബോംബിങ് ഭീഷണിയില്‍ വിറങ്ങലിച്ച് ഗാസയിലെ അല്‍ ഖുദ്‌സ് ആശുപത്രി

സ്രയേല്‍ സൈന്യത്തിന്റെ ബോംബിങ് ഭീഷണിയില്‍ വിറങ്ങലിച്ച് ഗാസയിലെ അല്‍ ഖുദ്‌സ് ആശുപത്രി. നൂറുകണക്കിന് പേര്‍ ചികിത്സയിലും ആയിരങ്ങള്‍ അഭയം തേടുകയും ചെയ്തിരിക്കുന്ന ആശുപത്രി ഉടന്‍ ഒഴിയണമെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ ഉത്തരവ്. എന്നാല്‍ ചികിത്സയിലുള്ളവരെ പെട്ടെന്ന് മാറ്റുകയെന്നത് സാധ്യമല്ലെന്നാണ് ജീവനക്കാരും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പോലുള്ള മനുഷ്യാവകാശ സംഘടനകളും പറയുന്നത്. 14000 പേര്‍ ആശുപതിയില്‍ ചികിത്സയിലും അല്ലാതെയും കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കടുത്ത ആക്രമണത്തിനിടെ 23 ലക്ഷം മനുഷ്യരുടെ ദുരിതങ്ങള്‍ക്ക് ചെറിയൊരു ആശ്വാസമായി കഴിഞ്ഞ ദിവസം 33 ട്രക്ക് സഹായങ്ങള്‍ റഫാ അതിര്‍ത്തിവഴി ഗാസയിലേക്ക് കടത്തിവിട്ടിരുന്നു. സഹായങ്ങളെത്തിക്കാനുള്ള ഇസ്രയേലിന്റെ സമ്മതം ലഭിച്ചതിന് പിന്നാലെ ഗാസയിലേക്ക് കടക്കുന്ന ഏറ്റവും വലിയ സഹായമാണിത്. എന്നാല്‍ ഗാസയില്‍ വര്‍ദ്ധിച്ചുവരുന്ന ഭക്ഷ്യ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പ്രതിദിനം കുറഞ്ഞത് 40 ട്രക്കുകളെങ്കിലും എത്തിക്കേണ്ടതുണ്ടെന്ന് യു എന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം വ്യക്തമാക്കിയിരുന്നു.

ഹമാസിനെ ഉന്മൂലനം ചെയ്യുമെന്നാണ് ഇസ്രയേലിന്റെ പ്രഖ്യാപനം. എന്നാല്‍ അതിന്റെ ഭാഗമായി നടത്തുന്ന ആക്രമണങ്ങള്‍ ഗാസയ്ക്ക് പുറത്തേയ്ക്ക് വ്യാപിച്ചേക്കുമെന്ന ആശങ്കയും നിലവിലുണ്ട്. ലബനനിലെ ഹിസ്ബുള്ള ഗ്രൂപ്പിനെതിരെയും ഇസ്രയേല്‍ ആക്രമണങ്ങള്‍ നടത്തുന്നുണ്ട്.

 

Top