യുദ്ധം കനക്കുന്ന ഗസ്സയില്‍ ജനജീവിതം അതിദുസ്സഹം. ഇതുവരെ നാനൂറിലധികം പേര്‍ ഗസ്സ വിട്ടുപോയി. ബ്രിട്ടീഷ്, അമേരിക്കന്‍ പൗരന്മാരാണ് ഇതില്‍ കൂടുതലും. ഗസ്സയില്‍ ഇന്റര്‍നെറ്റും ടെലിഫോണ്‍ സംവിധാനങ്ങളും വീണ്ടും വിഛേദിക്കപ്പെട്ടതായി പലസ്തീന്‍ പ്രതികരിച്ചു. അതിനിടെ അതീവ ഗുരുതര സാഹചര്യത്തിലൂടെ കടന്നുപോകുകയാണ് ഗസ്സയിലെ അല്‍ഷിഫ ആശുപത്രി.
രോഗികള്‍ക്കുള്ള ഓക്സിജന്‍ ഉല്‍പ്പാദന സംവിധാനവും പ്രവര്‍ത്തനം നിര്‍ത്തി. മോര്‍ച്ചറിയിലെ ഫ്രീസറുകള്‍ പോലും പ്രവര്‍ത്തിക്കുന്നില്ല. പലസ്തീന്‍ സംഘടനകള്‍ നല്‍കുന്ന ഇന്ധനം ഏതാനും മണിക്കൂറുകള്‍ മാത്രമേ നിലനില്‍ക്കൂ. അടുത്ത ദിവസങ്ങളില്‍ ഇന്ധനം ഇല്ലെങ്കില്‍ വലിയ ദുരന്തം സംഭവിക്കും. ഇസ്രായേല്‍ സൈന്യം ഒഴിപ്പിക്കണമെന്ന് പറഞ്ഞ ആശുപത്രിയാണ് അല്‍ഷിഫ. ആശുപത്രിക്ക് താഴെ ഹമാസിന്റെ തുരങ്കമുണ്ടെന്നായിരുന്നു ഇസ്രയേല്‍ സൈന്യത്തിന്റെ ആരോപണം.
അല്‍ഷിഫയുടെ നിലവിലെ അവസ്ഥയെ അങ്ങേയറ്റം ഇരുണ്ടത് എന്നാണ് ഗസ്സയിലെ പലസ്തീന്‍ ആരോഗ്യ അതോറിറ്റിയുടെ വക്താവ് അഷ്റഫ് അല്‍-ഖുദ്ര പ്രതികരിച്ചത്. ജനറേറ്ററില്‍ കഷ്ടിച്ച് പ്രവര്‍ത്തിക്കുന്നുണ്ട് ആശുപത്രിയെങ്കിലും ജീവന്‍ രക്ഷാസംവിധാനങ്ങള്‍ ഏറെക്കുറെ നിലച്ചു. ഇന്ധനം തീര്‍ന്നതിനാല്‍ ആശുപത്രിയിലെ വെന്റിലേഷനും എസി സംവിധാനവും പ്രവര്‍ത്തനം നിലച്ചു. ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയാണിത്.വടക്കന്‍ ഗസ്സയിലെ മറ്റ് രണ്ട് പ്രധാന ആശുപത്രികളും ഇന്ധനം തീര്‍ന്നതോടെ അടച്ചുപൂട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഗികള്‍ക്ക് പുറമേ കുടിയൊഴിപ്പിക്കപ്പെട്ട 50000ത്തിലധികം പലസ്തീനികള്‍ അല്‍ ഷിഫയില്‍ അഭയം പ്രാപിച്ചിരുന്നു.