ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍-ശിഫയുടെ പ്രവര്‍ത്തനം നിലച്ചു

തെല്‍ അവിവ്: ഗസ്സ മുനമ്പിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍-ശിഫയുടെ പ്രവര്‍ത്തനം നിലച്ചു. മരണനിരക്ക് വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ഞായറാഴ്ച അറിയിച്ചു.ഫലസ്തീന്‍ എന്‍ക്ലേവിന്റെ വടക്ക് ഭാഗത്തുള്ള അല്‍-ശിഫ കോംപ്ലക്സ് ഉള്‍പ്പെടെയുള്ള ആശുപത്രികള്‍ ഇസ്രായേല്‍ സൈന്യം ഉപരോധിച്ചതിനെ തുടര്‍ന്ന് രോഗികളെ പരിചരിക്കാന്‍ പാടുപെടുകയാണ് ഡോക്ടര്‍മാര്‍. വൈദ്യുതിയില്ലാത്തതുമൂലം ഇന്‍ക്യുബേറ്ററുകള്‍ പ്രവര്‍ത്തിക്കാത്തതുമൂലം മൂന്ന് നവജാതശിശുക്കളാണ് അല്‍-ശിഫയില്‍ മരിച്ചത്. നിരന്തരമായ വെടിവെപ്പും ബോംബാക്രമണവും ഇതിനോടകം ഗുരുതരമായ സാഹചര്യങ്ങളെ വഷളാക്കുന്നതായി ഡബ്‌ള്യൂ എച്ച് ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. അല്‍-ശിഫ ആശുപത്രി അധികൃതരുമായി ആശയവിനിമയം പുനഃസ്ഥാപിച്ചുവെന്നും അവിടുത്ത സ്ഥിതിഗതികള്‍ ഭയാനകവും അപകടകരവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉടന്‍ വെടിനിര്‍ത്തല്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

”സുരക്ഷിത താവളമാകേണ്ട ആശുപത്രികള്‍ മരണത്തിന്റെയും നാശത്തിന്റെയും നിരാശയുടെയും ദൃശ്യങ്ങളായി മാറുമ്പോള്‍ ലോകത്തിന് നിശബ്ദത പാലിക്കാന്‍ കഴിയില്ല,”ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.വൈദ്യുതിയും വെള്ളവുമില്ലാതെ സുരക്ഷിതമായി പുറത്തേക്ക് കടക്കാതെ രോഗികളും ജീവനക്കാരും വിനാശകരമായ സാഹചര്യമാണ് നേരിടുന്നതെന്ന് അല്‍-ശിഫ ആശുപത്രിയിലെ ന്യൂറോ സര്‍ജന്‍ ഡോ നിദാല്‍ അബു ഹാദ്രൂസ് പറഞ്ഞു.”ഇത് അധികകാലം തുടരാനാവില്ല. ജീവനക്കാരെയും രോഗികളെയും രക്ഷിക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യമാണ്,” അബു ഹാദ്രൂസ് അല്‍ ജസീറയോട് വ്യക്തമാക്കി. ബോംബാക്രമണത്തില്‍ അല്‍ -ശിഫയിലെ മൂന്ന് നഴ്‌സുമാര്‍ കൊല്ലപ്പെട്ടതായി അധിനിവേശ ഫലസ്തീന്‍ പ്രദേശത്തെ യുഎന്‍ ദുരിതാശ്വാസ ഏജന്‍സി ഞായറാഴ്ച ഏറ്റവും പുതിയ അപ്ഡേറ്റില്‍ അറിയിച്ചു.

Top