ആലപ്പാട് കരിമണല്‍ ഖനനം : സമരക്കാരുടെ ആവശ്യം ന്യായമെന്ന് കുഞ്ഞാലിക്കുട്ടി

ന്യൂഡല്‍ഹി: ആലപ്പാട്ടെ സമരക്കാരുടെ ആവശ്യം ന്യായമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി. ആലപ്പാട് പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടെന്നത് വാസ്തവമാണ്. കരിമണല്‍ ഖനനത്തിനെതിരെ സമരം ചെയ്യുന്നവര്‍ പറയുന്നത് അപ്പാടെ തള്ളിക്കളയാന്‍ പറ്റില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പൊന്‍മന, ആലപ്പാട് എന്നീ ഗ്രാമങ്ങളില്‍ നിന്നായി 40.46 ഹെക്ടറാണ് ഇന്ത്യന്‍ റെയര്‍ എര്‍ത്ത് വില കൊടുത്ത് വാങ്ങി കരിമണല്‍ ഖനനം നടത്തുന്നത്. 89.5 ചതുരശ്ര കിലോമീറ്ററുണ്ടായിരുന്ന ആലപ്പാട് ഗ്രാമം ഇപ്പോള്‍ 7.6 ചതുരശ്ര കിലോമീറ്ററായി കുറഞ്ഞിരിക്കുന്നു.ഖനനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് രണ്ട് മാസത്തിലേറെയായി ആലപ്പാട് നിവാസികള്‍ സമരത്തിലാണ്.

അതേസമയം, ആലപ്പാട് ഐആര്‍ഇ നടത്തുന്ന ഖനനം നിര്‍ത്തിവെച്ച ശേഷം മാത്രമേ ചര്‍ച്ചയ്ക്ക് താത്പര്യമുള്ളൂ എന്ന് സമരസമിതി അറിയിച്ചിരുന്നു. ആലപ്പാട്ടെ പൊതുസമൂഹത്തെ സര്‍ക്കാര്‍ വിശ്വാസത്തിലെടുക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ വിഷയത്തില്‍ വ്യത്യസ്ത നിലപാടുമായി ഇടത് എംഎല്‍എ ആര്‍.രാമചന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ആലപ്പാട്ട് മേഖലയില്‍ കര നഷ്ടമായത് ഖനനം മൂലമല്ലെന്നാണ് എംഎല്‍എയുടെ വാദം.

എന്നാല്‍ ഉപാധികള്‍ മുന്നില്‍വെച്ച് മാത്രമേ ചര്‍ച്ചയുള്ളൂ എന്ന നിലപാടില്‍ നിന്ന് സമരസമിതി പിന്‍മാറണമെന്ന് ആര്‍.രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രി സമ്മതിച്ചിട്ടുണ്ട്. സമരസമിതി അതിന് തയ്യാറാകണമെന്നും മുന്‍വിധിയോടെയല്ല ചര്‍ച്ചയ്ക്ക് വിളിച്ചതെന്നും സമരസമിതിയുടെ സമീപനം ശരിയല്ലെന്നും എല്ലാ വിഷയത്തിലും ചര്‍ച്ച വേണമെന്നും എംഎല്‍എ വ്യക്തമാക്കി.

ഖനനത്തിനെതിരായ സമരം നടത്തുന്നവരുമായി ചര്‍ച്ചക്ക് തയ്യാറെന്ന് മേഴ്സിക്കുട്ടിയമ്മ പറഞ്ഞിരുന്നു. അശാസ്ത്രീയ ഖനനം പാടില്ലെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. എന്നാല്‍, ആലപ്പാട് വിഷയത്തില്‍ വ്യവസായവകുപ്പാണ് മുന്‍കൈ എടുക്കേണ്ടത്. നിയമസഭാപരിസ്ഥിതി കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

Top