ആലപ്പാട്: ആലപ്പാട് തീരം സംരക്ഷിക്കുന്നതിനുള്ള പുലിമുട്ട് നിര്‍മ്മാണ പദ്ധതി മുടങ്ങിയ നിലയില്‍. കടലാക്രമണം ശക്തമായ സ്രായിക്കാട്, ചെറിയഴീക്കല്‍, പണിക്കര്‍കടവ് എന്നിവിടങ്ങളില്‍ പുലിമുട്ട് നിര്‍മ്മിക്കുവാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നു. നബാര്‍ഡ് ഫണ്ട് തരാമെന്ന് ഏറ്റിട്ടും പഠന റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയും സമര്‍പ്പിക്കാത്തതിനാലാണ് പദ്ധതി മുടങ്ങിയിരിക്കുന്നത്.
ഒറ്റയ്ക്ക് 45കോടി താങ്ങാന്‍ സാധിക്കാത്തതിനാല്‍ കേന്ദ്ര സഹായം ലഭ്യമാക്കാന്‍ ശ്രമം നടത്തിയിരുന്നു. ഒടുവില്‍ നബാര്‍ഡ് പുലിമുട്ട് നിര്‍മ്മിക്കാന്‍ വായ്പ തരാമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
പുലിമുട്ടിന്റെ രൂപ കല്‍പ്പനയും പഠനവും ചെന്നൈ ഐഐടിയോ കൊച്ചി ആസ്ഥാനമായ കമ്പനിയോ ആണ് നടത്തേണ്ടത്. സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ പ്രകാരം അവര്‍ പഠനം നടത്തി. എന്നാല്‍, അതിന് ചെലവായ 42 ലക്ഷം രൂപ ഇത് വരെയും സര്‍ക്കാര്‍ നല്‍കിയില്ല. പഠന റിപ്പോര്‍ട്ട് ലഭിക്കാത്തതിനാല്‍ നബാര്‍ഡ് വായ്പയും നിഷേധിച്ചു. തുടര്‍ന്ന് പദ്ധതി പാതി വഴിയില്‍ ഉപേക്ഷിച്ച നിലയിലാണ്.