തിരുവനന്തപുരം: ആലപ്പാട്ടെ കരിമണല്‍ ഖനനം സംബന്ധിച്ച വിഷയം പരിഹരിക്കാന്‍ സമരക്കാരെ ക്ഷണിച്ചെന്ന് മന്ത്രി ഇ.പി ജയരാജന്‍.
ഖനനം നിര്‍ത്തണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അവര്‍ക്ക് ചില ബുദ്ധിമുട്ടുകളുണ്ടെന്നും ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കി ഖനനം തുടരുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ആലപ്പാട്ടെ ഖനനം തല്‍ക്കാലം നിര്‍ത്തി വെയ്ക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. ജനങ്ങളുടെ ആശങ്ക പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവുമെന്നും തുടര്‍ പഠനത്തിന് ശേഷം മതി ഖനനമെന്നും അദ്ദേഹം വ്യക്തമാക്കി.
കരിമണല്‍ ഖനനത്തിനെതിരെ പ്രതിഷേധിക്കുന്ന ആലപ്പാട്ടെ ജനകീയ സമരസമിതിയുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. വൈകിട്ട് അഞ്ചിന് വ്യവസായമന്ത്രിയാണ് ചര്‍ച്ച നടത്തുക. സീ വാഷിംഗ് നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഖനനം പൂര്‍ണ്ണമായും നിര്‍ത്തണമെന്നാണ് സമരസമിതിയുടെ ആവശ്യം.
സമരത്തിന് കൂടുതല്‍ പിന്തുണ കിട്ടുന്നത് തിരിച്ചറിഞ്ഞത് കൊണ്ടാണ് സര്‍ക്കാര്‍ ചര്‍ച്ചക്ക് മുന്‍കയ്യെടുത്തത്. ഖനനത്തിന്റെ ആഘാതം പഠിക്കാന്‍ വിദഗ്ധ സമിതിയെ വെക്കാനും ഇടക്കാല റിപ്പോര്‍ട്ട് വരും വരെ സീ വാഷിംഗ് നിര്‍ത്തിവെക്കാനും മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തില്‍ തീരുമാനിച്ചു. സമരസമിതിയോട് മുഖം തിരിച്ചു നിന്ന സര്‍ക്കാര്‍ പിന്നീട് നിലപാട് മാറ്റുകയായിരുന്നു.
സര്‍ക്കാര്‍ മുന്നോട്ട് വെച്ച ശാസ്ത്രീയമായ ഖനനം എന്ന തീരുമാനത്തോട് സമരസമിതിക്ക് യോജിപ്പില്ല. ഖനനം നിര്‍ത്താതെ ചര്‍ച്ചക്കില്ലെന്ന് പറഞ്ഞ സമരസമിതി സീ വാഷിംഗ് നിര്‍ത്താനുള്ള തീരുമാനം സര്‍ക്കാര്‍ അയയുന്നതിന്റെ സൂചനയായി കാണുന്നു.
പക്ഷെ ഖനനം നിര്‍ത്തണമെന്ന നിലപാടില്‍ സമിതി ഉറച്ചുനിന്നാല്‍ ചര്‍ച്ച പൊളിയാനും സമരം തുടരാനും സാധ്യതയുണ്ട്. ഇടക്കാല റിപ്പോര്‍ട്ട് വരും മുമ്പ് ഖനനം പൂര്‍ണ്ണമായും നിര്‍ത്തുന്ന തീരമാനം സര്‍ക്കാര്‍ കൈക്കൊള്ളാനുള്ള സാധ്യത ഇല്ല.
എന്നാല്‍ ചര്‍ച്ച സംബന്ധിച്ച ഒരു വിവരവും ലഭിച്ചിട്ടില്ലാണ് സമരക്കാര്‍ പറയുന്നത്. ക്ഷണം ലഭിച്ചാല്‍ പങ്കെടുക്കുന്ന കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ചര്‍ച്ചയില്‍ പങ്കെടുത്താല്‍ ഖനനം പൂര്‍ണമായും നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം മുന്നോട്ട് വയ്ക്കാനാണ് സമരക്കാരുടെ തീരുമാനം.