ആലപ്പുഴയില്‍ ബിജെപി ഹര്‍ത്താലില്‍ കടകള്‍ക്ക് തീയിട്ടു; പൊലീസ് ക്യാംപ് ചെയ്യുന്നു

ആലപ്പുഴ:ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ കടകള്‍ക്ക് നേരെ ആക്രമണം. ചേര്‍ത്തലയിലാണ് ഹര്‍ത്താലിനിടെ ഒരു സംഘം കടകള്‍ക്ക് നേരെ ആക്രമണം നടത്തിയത്. അക്രമികള്‍ കടകള്‍ക്ക് തീയിട്ടുവെന്നാണ് വിവരം. നാല് കടകളാണ് ആക്രമണത്തില്‍ നശിച്ചത്. സ്ഥലത്ത് പൊലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.

ഇന്നലെ രാത്രി 9.45ഓടെയാണ് വയലാറിന് സമീപം നാഗംകുളങ്ങര കവലയില്‍ എസ്ഡിപിഐ – ആര്‍എസ്എസ് സംഘര്‍ഷത്തിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദു ആര്‍ കൃഷ്ണ കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തു എന്ന് പോലീസ് കണ്ടെത്തിയ എട്ടു പേരുടെ അറസ്റ്റ് ചേര്‍ത്തല പോലീസ് രേഖപ്പെടുത്തി. പാണാവള്ളി സ്വദേശി റിയാസ്, അരൂര്‍ സ്വദേശി നിഷാദ്, വടുതല സ്വദേശി യാസിര്‍, ഏഴുപുന്ന സ്വദേശി അനസ്, വയലാര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍, ചേര്‍ത്തല സ്വദേശികളായ അന്‍സില്‍, സുനീര്‍, ഷാജുദ്ദീന്‍ എന്നിവരുടെ അറസ്റ്റാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്.

കൊലപാതകം ആസൂത്രിതമാണെന്നും ഇരുപത്തിയഞ്ചിലേറെ പേര്‍ കൊലപാതകത്തില്‍ നേരിട്ട് ഉള്‍പ്പെട്ടിട്ടുണ്ടെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗനമം. നന്ദുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയില്‍ ബിജെപി ആഹ്വനം ചെയ്ത ഹര്‍ത്താല്‍ തുടരുകയാണ്. സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു.

അക്രമണം ആസൂത്രണം ചെയ്തത് ആര്‍എസ്എസാണെന്നും സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കണമെന്നുമാണ് എസ്ഡിപിഐയുടെ നിലപാട്. കൊലപാതകത്തില്‍ പ്രതിഷേധിച്ചു ആലപ്പുഴ ജില്ലയില്‍ ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൊതുവില്‍ സമാധാനപരമാണ്.

Top