ആലപ്പുഴ: സഹപ്രവർത്തകയുടേത് ഉൾപ്പെടെ നഗ്നദൃശ്യങ്ങൾ സൂക്ഷിച്ചെന്ന ആരോപണം നേരിടുന്ന ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം എ പി സോണയെ സിപിഎം പുറത്താക്കി. അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ സെക്രട്ടറിയേറ്റ് ആണ് നടപടി സ്വീകരിച്ചത്. കമ്മ്യൂണിസ്റ്റുകാരന്റെ അന്തസ്സിന് നിരക്കാത്ത പ്രവൃത്തിയാണ് സോണയുടെ ഭാഗത്തുനിന്നുണ്ടായ് എന്ന് ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി.
നടപടിക്ക് എതിരെ ഒരുവിഭാഗം നേതാക്കൾ രംഗത്തെത്തി. അശ്ലീല ദൃശ്യങ്ങൾ യഥാർത്ഥത്തിൽ ഉണ്ടോയെന്ന് ചില നേതാക്കൾ ചോദിച്ചു. തെളിവുണ്ടെന്നും ദൃശ്യങ്ങൾ കംപ്യൂട്ടറിൽ നേരിട്ടു കണ്ട് ബോധ്യപ്പെട്ടെന്നും മറുവിഭാഗം മറുപടി നൽകി.
എ പി സോണ വീട്ടിൽ കയറി ആക്രമിക്കാൻ ശ്രമിച്ചെന്ന് ഇയാൾക്കെതിരെ സഹപ്രവർത്തക പാർട്ടിക്ക് പരാതി നൽകിയിരുന്നു. പരാതിക്കൊപ്പം എ പി സോണയുടെ ഫോണിലെ ദൃശ്യങ്ങളും സ്ത്രീ സമർപ്പിച്ചിരുന്നു.17 സ്ത്രീകളുടെ 34 ദൃശ്യങ്ങളാണ് ഇയാൾ ഫോണിൽ സൂക്ഷിച്ചിരുന്നത്. വിഡിയോ കോൾ ചെയ്യുമ്പോൾ സ്ത്രീകളറിയാതെ അത് പകർത്തി ഫോണിൽ സൂക്ഷിക്കുകയായിരുന്നു. എന്നാൽ നടപടിയൊന്നും ഉണ്ടായില്ല.
ചില നേതാക്കൾ സോണയെ സംരക്ഷിക്കുകയാണെന്ന ആരോപണവും ഉയർന്നിരുന്നു. അതിനിടെയാണ് അന്വേഷണ കമീഷനെ നിയോഗിച്ച് നടപടി സ്വീകരിച്ചത്.