ആലപ്പുഴ: ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ മുതിര്‍ന്ന നേതാവ് ജി.സുധാകരനെതിരായ വിമര്‍ശനം തടഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുസമ്മേളനത്തിനിടെ പ്രതിനിധികള്‍ സുധാകരനെതിരെ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ ആയിരുന്നു പിണറായിയുടെ ഇടപെടല്‍. ‘ഇത് ജില്ലയില്‍ നിര്‍ത്തിയതാണ് വീണ്ടും തുടങ്ങിയോ സംസാരിക്കേണ്ടത് സംസാരിക്കുക’ പ്രതിനിധികളെ താക്കീത് ചെയ്തു കൊണ്ട് പിണറായി പറഞ്ഞു.
ചാരുംമൂട് ഏരിയ കമ്മിറ്റിയിലെ പ്രതിനിധികള്‍ പടനിലം സ്‌കൂളുമായി ബന്ധപ്പെട്ട കോഴവിഷയം സമ്മേളനവേദിയില്‍ ഉന്നയിച്ചു. വിഷയത്തില്‍ ആരോപണവിധേയനായ കെ.രാഘവനെ ജി.സുധാകരന്‍ പിന്തുണച്ചുവെന്ന് പ്രതിനിധികള്‍ ആരോപിച്ചു. സുധാകരന്റെ സ്വന്തം തട്ടകമായ അമ്പലപ്പുഴയില്‍ നിന്നുള്ള പ്രതിനിധികളും അദ്ദേഹത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ എച്ച്. സലാമിനെ തോല്‍പ്പിക്കാന്‍ നോക്കി എന്നായിരുന്നു അമ്പലപ്പുഴയിലെ പ്രതിനിധിയുടെ വിമര്‍ശനം. അധികാര മോഹിയാണ് സുധാകരന്‍ എന്നായിരുന്നു മാവേലിക്കരയിലെ പ്രതിനിധിയുടെ വിമര്‍ശനം. പി.പി.ചിത്തരഞ്ജന്‍ എംഎല്‍എയ്ക്ക് നേരെയും വിമര്‍ശനം ഉണ്ടായി. ചിത്തരജ്ഞന്‍ വിഭാഗീയത വളര്‍ത്തുന്നുവെന്നായിരുന്നു നോര്‍ത്ത് ഏരിയാകമ്മിറ്റി പ്രതിനിധികളുടെ വിമര്‍ശനം. സിപിഐ മന്ത്രിമാരുടെ വകുപ്പുകള്‍ പരാജയമാണെന്നും ചില പ്രതിനിധികള്‍ വിമര്‍ശിച്ചു.
മറ്റു ജില്ലാ സമ്മേളനങ്ങളിലെന്ന പോലെ അഭ്യന്തര വകുപ്പിനെതിരേയും അതിരൂക്ഷ വിമര്‍ശനം ആലപ്പുഴ ജില്ലാ സമ്മേളനത്തിലും ഉയര്‍ന്നു. ചില പൊലീസുകാര്‍ പൊലീസ് സേനയ്ക്ക് ആകെ ബാധ്യതയാണെന്നായിരുന്നു ചില ഉദ്യോഗസ്ഥരുടെ വിമര്‍ശനം.