എംഎല്‍എയുടെ പരാതി ‘ഏറ്റു’; അപ്പത്തിനും മുട്ടക്കറിക്കും വില കുറച്ചു

ആലപ്പുഴ: അപ്പത്തിനും മുട്ടക്കറിക്കും പൊള്ളുന്ന വില ഈടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പിപി ചിത്തരഞ്ജന്‍ എംഎല്‍എ പരാതിപ്പെട്ടതിലൂടെ വിവാദത്തിലായ ഹോട്ടലില്‍ ഭക്ഷണ സാധനങ്ങളുടെ വില കുറച്ചു. വാര്‍ത്തകളില്‍ ഇടംപിടിച്ച ആലപ്പുഴ കണിച്ചുകുളങ്ങരയിലെ ഹോട്ടലില്‍ അപ്പം ഒന്നിന് അഞ്ച് രൂപ വീതവും മുട്ടക്കറിക്ക് 10 രൂപയും കുറച്ചു. ഇതോടെ സിംഗിള്‍ മുട്ട റോസ്റ്റിന് 40 രൂപയായി. ചിത്തരഞ്ജന്റെ പരാതിയുടെ ഫലമായി വെജ് കുറുമയ്ക്ക് പത്ത് രൂപയും ഹോട്ടല്‍ കുറച്ചിട്ടുണ്ട്.

അഞ്ച് അപ്പത്തിനും രണ്ട് മുട്ടക്കറിക്കും തന്നില്‍ നിന്ന് 184 രൂപ ഈടാക്കിയത് ചൂണ്ടിക്കാട്ടിയാണ് ചിത്തരഞ്ജന്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയത്. ആലപ്പുഴ മണ്ഡലത്തിലെ ഹോട്ടലുകള്‍ അമിത വില ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് എംഎല്‍എയുടെ ആവശ്യപ്പെട്ടിരുന്നത്.

ഒരു അപ്പത്തിന് 15 രൂപയായിരുന്നു മുന്‍പ് ഹോട്ടലിലെ വില. ഒരു മുട്ടയും അല്‍പം ഗ്രേവിയും നല്‍കിയതിന് 50 രൂപ ഈടാക്കിയെന്നും എംഎല്‍എ പരാതിപ്പെട്ടിരുന്നു. താന്‍ കയറിയത് ഒരു സ്റ്റാര്‍ ഹോട്ടല്‍ ആയിരുന്നില്ലെന്നും, എ.സി ഹോട്ടല്‍ എന്ന് പറഞ്ഞിരുന്നുവെങ്കിലും എ.സി ഉണ്ടായിരുന്നില്ലെന്നും എംഎല്‍എ ആരോപിച്ചിരുന്നു. ഹോട്ടലില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചിട്ടില്ലെന്നും എംഎല്‍എ പരാതിയിലൂടെ ചൂണ്ടിക്കാണിച്ചിരുന്നു.

Top