ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ മൂന്നാഴ്ച്ചയ്ക്കിടെ പൊലീസ് പിടിയിലായത് 1154 ഗുണ്ടകള്‍.
കൊടുകുറ്റവാളികളാണെന്ന് കണ്ടെത്തിയ 15 പേര്‍ക്കെതിരെ കാപ്പ നിയമപ്രകാരം നടപടിക്കും ശുപാര്‍ശ ചെയ്തു. ആലപ്പുഴ ജില്ലയില്‍ ക്വട്ടേഷന്‍ കൊലപാതകങ്ങള്‍ വ്യാപകമായതോടെയാണ് ഗുണ്ടകളെ പിടികൂടാന്‍ പൊലീസ് തീരുമാനിച്ചത്.
എറണാകുളം റേഞ്ച് ഐ.ജിയുടെയും ആലപ്പുഴ ജില്ലാപൊലീസ് മേധാവിയുടെയും നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിച്ചാണ് ജില്ലയിലെ ഗുണ്ടകളെ കണ്ടെത്താന്‍ പൊലീസ് സ്‌പെഷല്‍ ഡ്രൈവര്‍ നടത്തിയത്. ജില്ലയിലെ പൊലീസിനെ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിലെ എല്ലാപൊലീസ് സ്റ്റേഷനുകളും ജനമൈത്രി പൊലീസ് സ്റ്റേഷനുകളാക്കി മാറ്റാനും തീരുമാനിച്ചു.
ഗുണ്ടകളുടെ പട്ടിക തയാറാക്കി അവ മൂന്നായി തരം തിരിച്ചായിരുന്നു അന്വേഷണം. മൂന്നാഴ്ച്ചയ്ക്കിടെ 1154 ഗുണ്ടകളുടെ കരുതല്‍ അറസ്റ്റ് രേഖപ്പെടുത്തി. 82 ഗുണ്ടകളെ റിമാന്‍ഡ് ചെയ്തു. ദീര്‍ഘകാലമായി ഒളിവില്‍ കഴിഞ്ഞിരുന്ന 51 പേര്‍ക്ക് അടക്കം 275 പേര്‍ക്ക് വാറണ്ട് നല്‍കി. കൊടുംകുറ്റവാളികളായ 15 പേര്‍ക്കെതിരെ കാപ്പ നിയമപ്രകാരം നടപടിയക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് ആലപ്പുഴ ജില്ലാപൊലീസ് മേധാവി മുഹമ്മദ് റഫീഖ് പറഞ്ഞു.