കൈനകരി: ആലപ്പുഴയില്‍ വീണ്ടും ഹൗസ്ബോട്ടിന് തീപിടിച്ചു. ആലപ്പുഴ കൈനകരി കോലോത്ത് ജെട്ടിക്ക് സമീപമാണ് ഹൗസ്ബോട്ടിന് തീപിടിച്ചത്. വിനോദ സഞ്ചാരികളുമായി പോയ ബോട്ടിന്റെ ജനറേറ്റര്‍ ഭാഗത്തുനിന്നാണ് ചെറിയതോതില്‍ തീ ഉയര്‍ന്നത്.
ജീവനക്കാര്‍ തന്നെ തീ അണച്ചു. സംഭവത്തെക്കുറിച്ച് പുളിങ്കുന്ന് പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം വേമ്പനാട്ട് കായലില്‍ പാതിരാമണലിന് സമീപം മറ്റൊരു ഹൗസ് ബോട്ടിന് തീപിടിച്ചിരുന്നു. തലനാരിഴയ്ക്കാണ് കൈക്കുഞ്ഞുങ്ങളടക്കം 13 പേര് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
കോട്ടയം കുമരകം നിന്ന് യാത്ര പുറപ്പെട്ട ഓഷ്യാനോ എന്ന ബോട്ടിനാണ് തീ പിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധക്ക് കാരണമെന്നാണ് വിലയിരുത്തല്‍. തീപിടുത്തമുണ്ടായ ബോട്ടിന് ലൈസന്‍സില്ലെന്നും പിന്നീട് തുറമുഖ വകുപ്പ് കണ്ടെത്തിയിരുന്നു.