കുട്ടനാട്ടില്‍ താറാവുകള്‍ ചത്തൊടുങ്ങുന്നു; പക്ഷിപ്പനിയല്ല, കര്‍ഷകര്‍ ആശങ്കയില്‍

ആലപ്പുഴ: താറാവുകള്‍ ചത്തൊടുങ്ങുന്നത് നിയന്ത്രണവിധേയമാക്കാനാകാതെ കുട്ടനാട്. ഇതുവരെ അയ്യായിരത്തിലധികം താറാവുകളാണ് ചത്തത്. എന്നാല്‍ പക്ഷിപ്പനിയല്ല മരണകാരണം എന്ന് വ്യക്തമായിട്ടും കര്‍ഷകര്‍ആശങ്കയുയര്‍ത്തുന്നതില്‍ യാതൊരു അടിസ്ഥാനമില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

അണുബാധയും തീറ്റയിലെ പൂപ്പലുമാണ് താറാവുകള്‍ കൂട്ടത്തോടെ ചാവാന്‍കാരണമെന്ന് മഞ്ഞാടിയിലെ പക്ഷി രോഗ നിര്‍ണയ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു. എന്നാലും ആശങ്ക തുടരുന്നതിനാല്‍ പ്രതിരോധസംവിധാനങ്ങള്‍ ഊര്‍ജിതമാക്കിയതായും രോഗവ്യാപനം തടയാന്‍ ഉടന്‍ ശ്രമിക്കുമെന്ന്‌ മൃഗസംരക്ഷണവകുപ്പ് അറിയിച്ചു.

അതേസമയം,കര്‍ഷകര്‍ കൃത്യസമയത്ത് രോഗ വിവരം അറിയിക്കാത്തതും പ്രശ്‌നം ഗുരുതരമാകാന്‍ കാരണമായതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഈസ്റ്റര്‍ വിപണി ലക്ഷ്യമിട്ട് താറാവുകളെ വളര്‍ത്തിയ കര്‍ഷകരാണ് പെട്ടന്നുണ്ടായ രോഗത്തെതുടര്‍ന്ന് പ്രതിസന്ധിയിലായത്. അതിനാല്‍ സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം

Top