ആലപ്പുഴ: അധ്യാപക നിയമനത്തിലെ ബജറ്റ് നിര്‍ദേശങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിര്‍ദേശങ്ങള്‍ പുതിയ നിയമനങ്ങള്‍ സംബന്ധിച്ച് മാത്രമാണെന്നും കച്ചവട താല്പര്യമുള്ള ചില എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകളെയാണ് ലക്ഷ്യമിട്ടതെന്നും പിണറായി പറഞ്ഞു.
അധ്യാപക നിയമനവുമായി ബന്ധപ്പെട്ട ബജറ്റ് നിര്‍ദ്ദേശത്തിന്റെ പേരില്‍ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ സര്‍ക്കാരിനെ വിരട്ടാന്‍ വരരുതെന്നും ശമ്പളം കൊടുക്കാന്‍ സര്‍ക്കാരിന് പറ്റുമെങ്കില്‍ സ്‌കൂളുകള്‍ വാടകക്ക് എടുത്ത് പ്രവര്‍ത്തിപ്പിക്കാനും ആവശ്യമെങ്കില്‍ ബുദ്ധിമുട്ടില്ലെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
പൊതുവിദ്യാഭ്യസത്തില്‍ എയ്ഡഡ് സ്ഥാപനങ്ങളുടെ പങ്ക് ചെറുതല്ല. സര്‍ക്കാര്‍ എയ്ഡഡ് മാനേജ്‌മെന്റുകളെ അവിശ്വസിക്കുന്നില്ല. എന്നാല്‍ തെറ്റായ രീതിയില്‍ പോകുന്നവരെ നേരെയാക്കേണ്ട ഉത്തരവാദിത്തം സര്ക്കാരിന് ഉണ്ടെന്നും മുഖ്യമന്ത്രി ആലപ്പുഴയില്‍ പറഞ്ഞു.