ആലപ്പുഴ പ്രസിഡന്റ് തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് അട്ടിമറി വിജയങ്ങള്‍

ആലപ്പുഴ: ആലപ്പുഴയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അട്ടിമറി വിജയം. മുട്ടാറിൽ ഭരണം ഉറപ്പിച്ചിരുന്ന യു.ഡി.എഫിന് പി ജെ ജോസഫ് വിഭാഗത്തിലെ രണ്ട് അംഗങ്ങളുടെ വോട്ടാണ് തിരിച്ചടിയായത്. ഇവിടെ എല്‍.ഡി.എഫിലെ ജനാധിപത്യ കേരള കോണ്‍ഗ്രസ് വിഭാഗം സ്ഥാനാര്‍ത്ഥി മെര്‍ലിന്‍ ജോസഫാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ ചെന്നിത്തല തൃപ്പെരുംതുറ പഞ്ചായത്തിൽ യുഡിഎഫ് പിന്തുണയോടെയാണ് സിപിഎമ്മിന്റെ പ്രസിഡന്റ് സ്ഥാനാർഥി വിജയിച്ചത്. ഇവിടെ ബിജെപി ജയിക്കാതിരിക്കാനാണ് എല്‍ഡിഎഫിന് യുഡിഎഫ് വോട്ട് ചെയ്തത്.

മാന്നാറിൽ കോൺഗ്രസ്‌ അംഗം സുനിൽ ശ്രദ്ധെവ് എല്‍ഡിഎഫിന് വോട്ടുനൽകി. ഇവിടെ സിപിഎമ്മിലെ രത്നകുമാരി പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. ചിങ്ങോലിയിൽ കോൺഗ്രസിലെ തർക്കംമൂലം അംഗങ്ങൾ തിരഞ്ഞെടുപ്പിന് എത്തിയില്ല. ഇതോടെ വോട്ടെടുപ്പ് മാറ്റിവച്ചു. തിരുവൻവണ്ടൂരിൽ യുഡിഎഫ് പിന്തുണയോടെ വിജയിച്ച എല്‍ഡിഎഫ് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കുരുവിള‌ തെരഞ്ഞെടുപ്പിന് പിന്നാലെ രാജിവച്ചു. ഇവിടെയും ബിജെപി ജയിക്കാതിരിക്കാൻ ആണ്‌ യുഡിഎഫ് അംഗങ്ങൾ എല്‍ഡിഎഫിന് വോട്ട് ചെയ്തത്. അതേസമയം ആലപ്പുഴ ജില്ലാപഞ്ചായത്തിൽ സിപിഎമ്മിലെ കെ ജി രാജേശ്വരി പ്രസിഡന്റായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ UDF ലെ ജിൻസി ജോളി പ്രസിഡന്റ്‌ ആയി തെരഞ്ഞെടുക്കപ്പെട്ടു.

Top