പാലക്കാട്: ആലത്തൂരില്‍ കാണാതായ ഇരട്ട സഹോദരിമാരെയും സഹപാഠികളായ രണ്ട് ആണ്‍കുട്ടികളെയും കണ്ടെത്തി. കോയമ്പത്തൂരില്‍ നിന്നാണ് ഇവരെ കണ്ടത്തിയത്. റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. 14 വയസുള്ള കുട്ടികളെ 5 ദിവസം മുമ്പാണ് കാണാതായത്. ഇരട്ട സഹോദരിമാരും, രണ്ട് ആണ്‍കുട്ടികളെയുമാണ് പൊലീസ് കണ്ടെത്തിയത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് നാല് പേരും.
നേരത്തെ തമിഴ്‌നാട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. കുട്ടികള്‍ ഗോവിന്തപുരം ചെക്ക് പോസ്റ്റ് കടന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. കഴിഞ്ഞ ബുധനാഴ്ച മുതലാണ് ഇവരെ കാണാതായത്. ഇവര്‍ പാലക്കാട് ബസ് സ്റ്റാന്‍ഡിലൂടെയും പാര്‍ക്കിലൂടെയും നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.
ഒരാളുടെ കൈവശം മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നുവെങ്കിലും പാലക്കാട് മുതല്‍ അത് സ്വിച്ച് ഓഫായതായി കണ്ടെത്തി. കുട്ടികള്‍ എന്തിനാണ് വീട് വിട്ടിറങ്ങിയതെന്നോ എവിടേക്കാണ് പോകുന്നതെന്നോ സംബന്ധിച്ച് വിവരമൊന്നുമില്ല. ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ചും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുമായിരുന്നു അന്വേഷണം. വീട് വിട്ടത് എന്തിനെന്നത് സംബന്ധിച്ചതടക്കം കൂടുതല്‍ കാര്യങ്ങള്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാകുമെന്നാണ് പൊലീസ് കരുതുന്നത്.