കൊച്ചി: മന്ത്രി കെ.സി.ജോസഫിനെതിരെ കോടതിയലക്ഷ്യ നടപടി. ക്രിമിനല്‍ കോടതിയലക്ഷ്യം ചുമത്തിയത് ഹൈക്കോടതി. ഈ മാസം 16ന് നേരിട്ടു ഹാജരാകണം. ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന് എതിരായ പരാമര്‍ശമാണ് കാരണം.
ബാര്‍ ഉടമകള്‍ക്ക് വേണ്ടി ഹാജരായ അന്നത്തെ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗിയെ മുഖ്യമന്ത്രി വിമര്‍ശിച്ചതാണ് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെ പരാമര്‍ശത്തിനു കാരണം.
ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെതിരായ മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പരാമര്‍ശത്തിനെതിരെ വി.ശിവന്‍കുട്ടി എംഎല്‍എയാണ് ഹര്‍ജി നല്‍കിയത്. ചായത്തൊട്ടിയില്‍ വീണ് രാജാവായ കുറുക്കന്‍ ഓരിയിട്ടാല്‍ കുറ്റപ്പെടുത്താന്‍ കഴിയുമോയെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കെ.സി.ജോസഫ് ചോദിച്ചിരുന്നു.
മുഖ്യമന്ത്രിക്കു ബന്ധമില്ലാത്ത കേസില്‍ അദ്ദേഹത്തെ വലിച്ചിഴച്ച് കമന്റ് പറയാന്‍ ജഡ്ജിക്ക് എന്ത് അവകാശമെന്നും പോസ്റ്റില്‍ കുറിച്ചിരുന്നു.
പിന്നീട് ഈ പോസ്റ്റില്‍ മന്ത്രി തിരുത്തു വരുത്തിയിരുന്നു.
അറ്റോര്‍ണി ജനറലിനെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക് എന്താണ് അവകാശമെന്ന ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെ പരാമര്‍ശത്തിനെതിരെയായിരുന്നു കെ.സി.ജോസഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെയും വിമര്‍ശിച്ച് മുഖ്യമന്ത്രി ഉള്‍പ്പടെ മന്ത്രിമാരും മറ്റ് കോണ്‍ഗ്രസ് നേതാക്കളും പരസ്യമായി രംഗത്തെത്തുകയുണ്ടായി. ഇതിന്റെ തുടര്‍ച്ചയായി അലക്‌സാണ്ടര്‍ തോമസിന്റെ പരിഗണനാ വിഷയവും ചീഫ് ജസ്റ്റിസ് മാറ്റിയിരുന്നു.