ലണ്ടൻ : വിമ്പിൾഡൻ പുരുഷ സിംഗിൾസ് ഫൈനലിലെ ‘തലമുറപ്പോരി’ൽ ഒടുവിൽ ജയം അൽകാരസിനൊപ്പം. 24–ാം ഗ്രാൻസ്‌ലാം സിംഗിൾസ് കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ മുപ്പത്തിയാറുകാരൻ നൊവാക് ജോക്കോവിച്ചിനെ വീഴ്ത്തിയാണ് ഇരുപതുകാരനായ സ്പാനിഷ് താരം കാർലോസ് അൽകാരസ് വിമ്പിൾഡൻ ചാംപ്യനായത്. കഴിഞ്ഞ വർഷം യുഎസ് ഓപ്പണിലൂടെ കന്നി ഗ്രാൻസ്‌ലാം കിരീടം ചൂടിയ അൽകാരിസിന്റെ രണ്ടാം ഗ്രാൻസ്‌ലാം കിരീടമാണിത്. ലോക റാങ്കിങ്ങിൽ അൽകാരസ് ഒന്നാം സ്ഥാനത്തും ജോക്കോവിച്ച് രണ്ടാം സ്ഥാനത്തുമാണ്.
മണിക്കൂറുകൾ നീണ്ട ഫൈനലിലെ വാശിയേറിയ പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്നു സെറ്റുകൾക്കാണ് ജോക്കോവിച്ചിനെ അൽകാരസ് വീഴ്ത്തിയത്. സ്കോർ: 1-6, 7-6 (8/6), 6-1, 3-6, 6-4
It’s all yours, @carlosalcaraz 🏆#Wimbledon pic.twitter.com/EuXoqQjZkp
— Wimbledon (@Wimbledon) July 16, 2023
ആദ്യ സെറ്റിൽ 6-1ന് ജോക്കോവിച്ചാണ് ആധിപത്യം പുലർത്തിയത്. ടൈബ്രേക്കറിലേക്ക് കടന്ന രണ്ടാം സെറ്റിൽ അൽകാരാസ് മനോഹരമായി തിരിച്ചടിച്ചു. ലോക ഒന്നാം നമ്പർ താരം 7-6ന് (8/6) രണ്ടാം സെറ്റ് സ്വന്തമാക്കി. മൂന്നാം സെറ്റ് 6-1നാണ് അൽകാരസ് നേടിയത്. എന്നാൽ അടുത്ത സെറ്റിൽ ജോക്കോ വീണ്ടും ഉജ്വല തിരിച്ചുവരവ് നടത്തി. നാലാം സെറ്റിൽ 6-3 ന് ജയിച്ച ജോക്കോ, മത്സരം അവസാന സെറ്റിലേക്ക് കൊണ്ടുപോയി. അഞ്ചാം സെറ്റ് 6-4ന് അൽകാരസ് സ്വന്തമാക്കി. ഒപ്പം കന്നി വിമ്പിൾഡൻ കിരീടവും.