തിരുവനന്തപുരം: മദ്യം ഒരാളുടെ ജീവന് ഭീഷണി ഉണ്ടാകുന്നുവെങ്കില്‍ ഡോക്ടറുടെ കുറിപ്പടി പ്രകാരം എക്‌സൈസ് വിശദമായി പരിശോധിച്ച് ചെറിയ അളവില്‍ മദ്യം നല്‍കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി. മദ്യത്തിന്റെ അമിതാസക്തി ഉള്ളവരില്‍ ചിലര്‍ മദ്യം കിട്ടാത്തതിനാല്‍ ആത്മഹത്യ ചെയ്‌തെന്ന റിപ്പോര്‍ട്ടുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. എല്ലാവര്‍ക്കും മദ്യം നല്‍കുന്ന പ്രശ്‌നമില്ലെന്നും, ഇത് പ്രായോഗികമായി എങ്ങനെ നടപ്പാക്കാമെന്ന കാര്യത്തില്‍ വിശദമായ പരിശോധനയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വ്യാപക വിമര്‍ശനങ്ങളും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണും കണക്കിലെടുത്ത് മദ്യവില്‍പന നിര്‍ത്തി വച്ച തീരുമാനം സര്‍ക്കാരിനെ പ്രതിസന്ധിയിലേക്ക് നയിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ലോക്ക് ഡൗണ്‍ നിലവില്‍ വന്ന് മൂന്നാം ദിവസം കേരളത്തില്‍ മൂന്ന് പേരാണ് മദ്യം കിട്ടാത്തത് മൂലമുള്ള മാനസികപ്രശ്‌നങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ മറ്റെല്ലാ വ്യാപാരങ്ങളും നിര്‍ത്തിവച്ചിരുന്നുവെങ്കിലും മദ്യവില്‍പന തടഞ്ഞിട്ടില്ലായിരുന്നു.
മദ്യം വില്‍പന പെട്ടെന്ന് നിര്‍ത്തിയാല്‍ അത് ഗുരുതരമായ സാമൂഹ്യപ്രത്യാഘാതം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യവ്യാപക ലോക്ക് ഡൗണ്‍ കൊണ്ടു വന്നതും ഇതേ തുടര്‍ന്ന് സംസ്ഥാനത്തെ മുഴുവന്‍ മദ്യവില്‍പനശാലകളും അടച്ചിട്ടതും. സ്ഥിരമായി മദ്യപിക്കുന്ന ആളുകള്‍ക്ക് പെട്ടെന്ന് മദ്യം കിട്ടാതെ വരുമ്പോള്‍ ഉണ്ടാവുന്ന ആല്‍ക്കഹോള്‍ വിത്ത്‌ഡ്രോവല്‍ സിന്‍ഡ്രോം എന്ന മാനസികാവസ്ഥയാണ് ആത്മഹത്യകളിലേക്ക് നയിക്കുന്നതെന്ന അഭിപ്രായം ഇപ്പോള്‍ ഉയരുന്നുണ്ട്. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്നുള്ള ആദ്യത്തെ ആത്മഹത്യ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് തൃശ്ശൂരില്‍ നിന്നാണ്.