കേരളം മദ്യ ലഹരിയില്‍ കുതിക്കുന്നു ; വില്‍പന 6180 കോടിയിലെത്തി

കൊച്ചി: മാറ്റങ്ങളിലും മാറാതെ കേരളം മദ്യ ലഹരിയില്‍ കുതിക്കുന്നു.

സംസ്ഥാനത്തു കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മദ്യവില്‍പന 12,134 കോടി രൂപയാണ്‌.

ബാറും ക്ലബ്ബും കണ്‍സ്യൂമര്‍ഫെഡും വഴി മദ്യം വില്‍ക്കുന്ന ബവ്‌റിജസ് കോര്‍പറേഷന്റെ വിറ്റു വരവ് കണക്കാണിത്.

2015–16ല്‍ ഇത് 11,577 കോടിയായിരുന്നു. ഈ സാമ്പത്തികവര്‍ഷത്തില്‍ ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മദ്യവില്‍പന 6180 കോടിയിലെത്തി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയെക്കാള്‍ 50 കോടി രൂപ കൂടുതലാണ് ഇത്‌.

ബെവ്‌കോ ഓണം ആഘോഷത്തില്‍ 1121 കോടിയുടെ മദ്യവും സെപ്റ്റംബറില്‍ 1135 കോടിയുടെ മദ്യവുമാണ് വിറ്റഴിച്ചത്.

ബാറുകളുടെ എണ്ണം 210 ഉം, സര്‍ക്കാര്‍ മദ്യവില്‍പനശാലകളുടെ എണ്ണം 289 ഉം ആണ് കേരളത്തില്‍.

വരിനിന്നു മദ്യം വാങ്ങുന്ന രീതിയില്‍ നിന്ന്, പ്ലാസ്റ്റിക് കുട്ടയുമായി കടയില്‍ കയറി ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുക്കുന്ന സംസ്‌കാരത്തിലേക്കു മദ്യവില്‍പന മാറി.

ബെവ്‌കോയുടേതും കണ്‍സ്യൂമര്‍ഫെഡിന്റേതുമായി 31 മദ്യസൂപ്പര്‍മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. ബാക്കിയുള്ളവ സൂപ്പര്‍മാര്‍ക്കറ്റുകളാകാന്‍ തയാറെടുക്കുന്നു.

മദ്യക്കട എവിടെയുണ്ടെന്നും ഏതു ബ്രാന്‍ഡ് സ്റ്റോക്ക് ഉണ്ടെന്നും അറിയാന്‍ സാധിക്കുന്ന മൊബൈല്‍ ആപ്പ്‌, കടയിലെ തിരക്കു കുറയ്ക്കാന്‍ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ഡിസ്‌പെന്‍സിങ് യന്ത്രങ്ങള്‍ എന്നിങ്ങനെ പുതിയ നടപടികളും സര്‍ക്കാര്‍ നടപ്പാക്കി.

പുതിയ മദ്യനയം വന്നതിനുശേഷം ടൂറിസത്തിന് ഉണര്‍വുണ്ടായെന്നാണ് കണ്ടെത്തല്‍.

ടൂറിസം ഡെസ്റ്റിനേഷനുകളും ഹോട്ടല്‍, റിസോര്‍ട്ട് ഉള്‍പ്പെടെയുള്ള ടൂറിസം പ്രോപ്പര്‍ട്ടികളും വര്‍ധിച്ചതുമൂലം കേരളത്തിലേക്ക് എത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്.

അടുത്ത കാലത്ത് ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിച്ചതായി കൊച്ചിയിലെ ഹോട്ടല്‍ വ്യവസായി കൃഷ്ണദാസ് പോളക്കുളത്ത് പറഞ്ഞു.

Top