പ്രളയക്കെടുതി; ആലപ്പുഴ ജില്ലയിലും മദ്യനിരോധനം ഏര്‍പ്പെടുത്തി

ആലപ്പുഴ: പ്രളയത്തെ തുടര്‍ന്ന് ആലപ്പുഴ ജില്ലയിലും മദ്യനിരോധനം ഏര്‍പ്പെടുത്തി. പ്രളയക്കെടുതിയെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങളുടെ നടത്തിപ്പില്‍ മദ്യത്തിന്റെ ഉപഭോഗവും വിപണനവും വിഘാതം സൃഷ്ടിക്കുകയും, പൊതുസമാധാനത്തിന് വലിയ തോതില്‍ ഭംഗം വരുത്തുകയും ചെയ്യുന്നതിനാല്‍, 22/08/2018 വരെ ഉടന്‍ പ്രാബല്യത്തില്‍ ആലപ്പുഴ ജില്ലയില്‍ അബ്കാരി ആക്ട് 54 വകുപ്പ് പ്രകാരം മദ്യ നിരോധനം ഏര്‍പ്പെടുത്തി കളക്ടര്‍ ഉത്തരവിട്ടു. നേരത്തെ എറണാകുളം ജില്ലയിലും മദ്യനിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

അതേസമയം, ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങള്‍ വാങ്ങുന്നതിനെന്ന പേരില്‍ പൊതുജനങ്ങളില്‍ നിന്നും നിര്‍ബന്ധിത പണപ്പിരിവ് നടത്തുന്നതായും റോഡുകള്‍ ഉപരോധിച്ച് പണപ്പിരിവ് നടത്തുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇനിയും ഇത്തരം നടപടികള്‍ ഉണ്ടായാല്‍ ദുരന്തനിവാരണ വകുപ്പ് പ്രകാരം കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്നും കളക്ടര്‍ അറിയിച്ചു.

Top