ആലപ്പോ: സൈന്യവും വിമതരും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്ന സിറിയയിലെ ആലപ്പോയില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങി. ആലപ്പോയുടെ മോചനത്തോടെ സിറിയന്‍ ജനത ചരിത്രം രചിച്ചെന്ന് പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് പറഞ്ഞു
ആയിരത്തോളം വരുന്ന സിവിലിയന്‍മാരുടെ ആദ്യ സംഘം ഇദ്‌ലിബ് പ്രവിശ്യയില്‍ സുരക്ഷിതമായി എത്തിയെന്നും ആദ്യ ഘട്ട നടപടി പൂര്‍ത്തിയാകുമ്പോള്‍ ഇവരുടെ എണ്ണം ഇരട്ടിയാകുമെന്നും റെഡ് ക്രോസ് വ്യക്തമാക്കി.
റഷ്യന്‍ പിന്തുണയോടെ സിറിയന്‍ സേനയും വിമതരും തമ്മില്‍ പോരാട്ടം നടക്കുന്ന അലപ്പോയില്‍ വെടിനിര്‍ത്തല്‍ നടപ്പായതോടെയാണ് പ്രദേശത്ത് കുടുങ്ങിയ സിവിലിയന്‍മാരെ ഒഴിപ്പിക്കുന്ന നടപടി സാധ്യമായത്. 20 ഓളം ബസ്സുകളും നിരവധി ആംബുലന്‍സുകളും ഒഴിപ്പിക്കലിനായി ഉപയോഗിച്ചു.
50000 ത്തോളം പേരാണ് അലപ്പോയില്‍ ഉള്ളത്. ഇതില്‍ 4000 പേര്‍ വിമതരും 10000 ത്തോളം പേര്‍ ഇവരുടെ കുടുംബാംഗങ്ങളുമാണ്. ഒഴിപ്പിച്ചവരില്‍ എത്ര വിമതര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമല്ല. പോരാട്ടം അവസാനിപ്പിച്ച് അലപ്പോ വിടുന്ന വിമതര്‍ സുരക്ഷിതരായിരിക്കുമെന്ന് റഷ്യയും സിറിയന്‍ അധികൃതരും ഉറപ്പ് നല്‍കിയിരുന്നു.
21 കിലോമീറ്ററോളം സഞ്ചരിച്ചാണ് വാഹന വ്യുഹം ഇദിലിബിലെത്തിയത്. ഇതില്‍ 15 കിലോമീറ്റര്‍ ദൂരം തീവ്രവാദികളുടെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളായിരുന്നു. വാഹന വ്യൂഹത്തിന് നേരെ വെടിവെപ്പുണ്ടാവുകയും മൂന്ന് രക്ഷാ പ്രവര്‍ത്തകര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
രൂക്ഷമായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് അലപ്പോയില്‍ ഭക്ഷണത്തിനും കുടിവെള്ളത്തിനും വരെ കടുത്ത ദാരിദ്ര്യമായിരുന്നു. ഒഴിപ്പിക്കല്‍ പൂര്‍ത്തിയാകുന്നതോടെ അലപ്പോ ദൌത്യം ഏറെക്കുറെ പൂര്‍ണമാകുമെന്ന് റഷ്യന്‍ സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.