ചന്ദാ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക്കിനും, വേണുഗോപാല്‍ ദുതിനും യാത്രാവിലക്ക്

kochar

മുംബൈ: ഐസിഐസിഐ ബാങ്ക് മേധാവി ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറിനും വീഡിയോകോണ്‍ ഗ്രൂപ്പ് പ്രെമോട്ടര്‍ വേണുഗോപാല്‍ ദുതിനും രാജ്യം വിടുന്നതിന് വിലക്ക്. സിബിഐയുടെ പ്രാഥമിക അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ദീപക് കൊച്ചാറും വേണുഗോപാല്‍ ദുതും രാജ്യം വിടുന്നത് ഒഴിവാക്കാനാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതെന്ന് സര്‍ക്കാര്‍ വ്യത്തങ്ങള്‍ അറിയിച്ചു.

വിഡിയോകോണിന് വഴിവിട്ട രീതിയില്‍ ലോണ്‍ അനുവദിച്ചു എന്ന ആരോപണത്തില്‍ സിബിഐയുടെ പ്രാഥമിക അന്വേഷണം നടക്കുന്നതിനിടയിലാണ് ഇരുവര്‍ക്കുമെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

അധികാരികളെ അറിയിക്കാതെ രാജ്യം വിടരുതെന്ന് ലുക്ക് ഔട്ട് നോട്ടീസില്‍ വ്യക്തമാക്കുന്നു. അന്വേഷണം നേരിടുന്ന വ്യക്തികള്‍ സിബിഐ, ഇന്‍കം ടാക്‌സ് എന്നിവരുടെ അനുമതികൂടാതെ രാജ്യം വിടരുതെന്നാണ് നിര്‍ദേശം. അതേസമയം, ചന്ദ കോച്ചാറിന്റെ ഭര്‍തൃസഹോദരന്‍ രാജീവ് കോച്ചാറിനെ സി.ബി.ഐ വീണ്ടും കസ്റ്റഡിയിലെടുത്തു. വീഡിയോകോണ്‍ വായ്പ ഇടപാടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഇത് മൂന്നാം തവണയാണ് രാജീവിനെ സി.ബി.ഐ ചോദ്യം ചെയ്യുന്നത്.

ഐ.സി.ഐ.സി.ഐ ബാങ്ക് വീഡികോണിന് നല്‍കിയ വായ്പ അനധികൃതമായി എഴുതിതള്ളിയതിലുടെ ചന്ദ കോച്ചാര്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നാണ് സി ബി ഐ കേസ്.

Top