വിന്‍ഡീസിനെതിരായ ഏകദിനത്തില്‍ ഓസ്‌ട്രേലിയയെ അലക്‌സ് ക്യാരി നയിക്കും

ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍സ ഓസ്‌ട്രേലിയയെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ അലക്‌സ് ക്യാരി നയിക്കും. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് പരിക്കുമൂലം പിന്‍മാറിയതോടെയാണ് പ്രമുഖ താരങ്ങളുടെ അസാന്നിധ്യത്തില്‍ ക്യാരിയെ ക്രിക്കറ്റ് ഓസ്‌ട്രേലിയ ക്യാപ്റ്റനായി തെരഞ്ഞെടുത്തത്.

ഓസ്‌ട്രേലിയന്‍ ഏകദിന ടീമിന്റെ നായകനാവുന്ന 26-മത്തെ താരമാണ് ക്യാരി. വൈസ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് പരമ്പരയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന സാഹചര്യത്തിലാണ് 29കാരനായ ക്യാരി നായകസ്ഥാനത്തേക്ക് എത്തുന്നത്. ഓസ്‌ട്രേലിയ എ ടീമിന്റെ നായകനായിട്ടുള്ള ക്യാരി ബിഗ് ബാഷ് ലീഗില്‍ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിനെയും നയിച്ചിട്ടുണ്ട്.

അണ്ടര്‍ 18-ഫുട്‌ബോള്‍ താരമായിരുന്ന ക്യാരി ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ ലീഗിലെ ഗ്രേറ്റര്‍ വെസറ്റേണ്‍ സിഡ്‌നി ജയന്റ്‌സിന്റെ നായകനുമായിരുന്നിട്ടുണ്ട്. പിന്നീട് വേഗതയില്ലെന്ന കാരണത്താല്‍ ഫുട്‌ബോള്‍ ടീമില്‍ നിന്ന് പുറത്തായശേഷമാണ് ക്യാരി ക്രിക്കറ്റിലേക്ക് ശ്രദ്ധതിരിച്ചത്.

വിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ വലതു കാല്‍മുട്ടിന് പരിക്കേറ്റ ഫിഞ്ചിന് ഏകദിന പരമ്പരയില്‍ കളിക്കാനാവുമോ എന്ന കാര്യം സംശയമാണ്. നാളെ ബാര്‍ബഡോസിലാണ് മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരം.

അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര വിന്‍ഡീസ് 4-1ന് സ്വന്തമാക്കിയിരുന്നു. ഐപിഎല്ലിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ പ്രമുഖതാരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, ഗ്ലെന്‍ മാക്‌സ്വെല്‍, പാറ്റ് കമിന്‍സ് തുടങ്ങിയവരൊന്നും ഓസ്‌ട്രേലിയയുടെ വിന്‍ഡീസ്-ബംഗ്ലാദേശ് പര്യടനങ്ങള്‍ക്കുള്ള ടീമിലില്ല.

 

Top